Monday, December 24, 2012

മാറ്റമില്ലാത്തത്

അവിടെ നീ കാണുന്ന
അസ്തമയ സൂര്യനും
ഇപ്പുറത്താണ് ഞാൻ

ഇവിടെ ഞാൻ കാണുന്ന
ഉദയസൂര്യന്റെ
അപ്പുറത്ത് നീയും

ശിശിരത്തിന്റെ
അലകൾ പുതച്ച് നീ

വെയിലിന്റെ
കുപ്പായമണിഞ്ഞ് ഞാൻ

നമുക്കിടയിലാണ്‌
പകലുകളുടെ പിറവിയും
രാത്രിയുടെ മരണവും

ചുകപ്പ്
ഒടുക്കത്തിന്റെ
നിറം മാത്രമല്ല,
തുടക്കത്തിന്റേതും
കൂടിയാണ്.....

Friday, December 14, 2012

മായൻ കലണ്ടർ പറഞ്ഞത്

പുഴ കടലിനോട് പറഞ്ഞു
തിരിച്ചൊഴുകണമെന്ന്

മല പുഴയോട് പറഞ്ഞു
ആഴങ്ങളിൽ മുങ്ങണമെന്ന്

മരം മലയോട് പറഞ്ഞു
കാറ്റിനൊപ്പം പറക്കണമെന്ന്

കാറ്റ് മേഘങ്ങളോട് പറഞ്ഞു

മഴയായ് കരയണമെന്ന്

മഴ കടലിനോട് പറഞ്ഞു
നിന്നിലേക്ക് മടങ്ങണമെന്ന്

കടൽ കരയോട് പറഞ്ഞു
പ്രളയമായ് വരുന്നുവെന്ന്

Monday, December 10, 2012

പ്രണയ കലണ്ടർ

ഏഴിനെ രണ്ടായി
പകുത്തെടുക്കാം

കറുപ്പുള്ള
അഞ്ച് ദിനങ്ങൾ
തിരക്കില്ലാത്ത
നിരത്ത് പോലെ
തലങ്ങും വിലങ്ങും
പ്രണയ വണ്ടി ഓടിക്കാം

രണ്ട് ദിനങ്ങൾ
ചുകപ്പ് കത്തിനിൽക്കുന്ന
ട്രാഫിക്ക് സിഗ്നലിൽ പോലെ
പ്രണയത്തിന് അവധി

അവിടുത്തെ
ആൺ പോലീസിനോ
ഇവിടുത്തെ
പെൺ പോലീസിനോ
പിടികൊടുക്കരുത്

ഒടുക്കത്തെ
ഫൈൻ ആയിരിക്കും

Tuesday, November 27, 2012

ഇങ്ങനെയും...

എം.ടി. വാസുദേവൻ നായർ
ഉണ്ണീയാർച്ചയെ
പിഴപ്പിച്ച ദിവസമാണ്
കാല് തെറ്റി വീണ
അമ്മൂമ്മ മരിച്ചത്

പച്ചയും വെള്ളയും
കൂട്ടി മുറുക്കുമ്പോൾ
ചുകപ്പായി തീരുന്ന
രസതന്ത്രം
അമ്മൂയക്കറിയില്ലായിരുന്നു

പെണ്ണുണ്ണിയാർച്ച-
ആരോമലാണെന്ന
അമ്മൂമ്മയുടെ
ജീവശാസ്ത്രത്തിൽ
ആരൊക്കെയോ
മുറുക്കി തുപ്പി

ചത്ത വടക്കൻ പാട്ടിനെ
തെക്കോട്ടെടുത്തപ്പോഴാണ്
ഞാനുമെന്റെ മച്ചുനിച്ചിയും
രണ്ട് പുഴയായ്
പിരിഞ്ഞത്......

അവൾ നിളപോലെ
വറ്റിവരണ്ട്
ചരിത്രത്തെ പിഴപ്പിച്ചതിന്
പ്രതികാരം വീട്ടി

Sunday, November 11, 2012

ഏകാന്തതയുടെ തുരുത്തിൽ


നിനക്കറിയോ,
ഇന്നലെ നിലാവ്
വിരുന്ന് വന്നില്ല...

വെൺ മേഘങ്ങളുടെ
ചിത്രപ്പണികളില്ലാത്ത
വന്ധ്യയായ ആകാശവും
ചത്ത നക്ഷത്രക്കുഞ്ഞുങ്ങളുടെ
അവസാന നിശ്വാസവുമായി
വീശിയ ഉഷ്ണമുള്ള കാറ്റും
എന്നെ വിലയം ചെയ്തിരിക്കുന്നു

മഞ്ഞുതുള്ളികൾ
ഉമ്മ വെക്കുമ്പോൾ
ഇളകിയാടുന്ന
ഇലയനക്കങ്ങൾ പോലുമില്ല

വിരഹത്തിന്റെ
കയ്പുനീരുറഞ്ഞ്
മരവിച്ച നാവിൽ
നിന്റെ മാഞ്ഞുപോയ പേരുമായ്
മൗനത്തിന്റെ ആഴങ്ങളിൽ
ഞാനൊളിച്ചിരിക്കുന്നു

നിഴലിന്റെ നീണ്ട വിരലുകൾ
നോവിക്കുന്ന നാളത്തെ
പകലുകളെ ഞാൻ വെറുക്കുന്നു...

Friday, November 2, 2012

കിനാക്കൂട്ടം


നാളെ ഞാൻ
ആകാശത്ത് താരകങ്ങളെ
നോക്കിയിരിക്കും

വിരസമായ ഈ
പകലുകൾക്കൊടുവിൽ

പൂമൊട്ടുകൾ പോലെ
വാരിവിതറിയ താരകങ്ങളിൽ
നിന്റെ കണ്ണിറുക്കി ചിരി
ഞാൻ കാണും

അപ്പോൾ
കാറ്റിന്റെ കൈകളിൽ
ഞാനൊരു മയിൽപ്പീലി
പറത്തി വിടും

ആർദ്ര മേഘങ്ങൾക്കൊപ്പം
പറന്ന് പറന്ന് വന്ന്
നിന്നെ തഴുകിയുറക്കാൻ...

Saturday, October 27, 2012

സൈബർ പ്രണയകാലത്ത്


മെസ്സേജ് ബോക്സിൽ
കൊളുത്തിവെച്ച
ചുവന്ന വെളിച്ചത്തിലേക്ക്
തുറക്കുന്നകണ്ണുകളാണ് നമുക്ക്

ഏകാന്തതയുടെ വിഹ്വലതകളിൽ
ആ തിരിനാളത്തിലാണ്
നമ്മൾ പ്രണയത്തിന്റെ
പട്ട് നൂലുകൾ നെയ്തത്

പരിചയക്കേടിന്റെ അകലങ്ങളില്ലാതെ
നമുക്ക് വേണ്ടി സംസാരിച്ച്, സംസാരിച്ച്
വിരൽത്തുമ്പുകൾ ചോന്നു പോയി-
നിന്റെ ചൊടികൾ പോലെ
നഖങ്ങൾ നീലിച്ചു,
നിന്റെ മിഴികൾ പോലെ

മീനച്ചൂടുള്ള രാവുകളിൽ
വൃശ്ചിക കുളിരുള്ള കാറ്റായ്,
വേനൽ കൊതിച്ച മഴയായ്,
മഴ നനഞ്ഞാടുന്ന മയിലായ്

പുതിയ വെളിച്ചമായ്
പുതിയ  നിറങ്ങളായ്
പുതിയ നാദമായ്

മിഴികളിൽ ഒളിച്ച് നിന്ന
നക്ഷത്ര കുഞ്ഞുങ്ങൾ
തിരിച്ചു പോകാതെ
മടിച്ച് നിൽക്കുമ്പോൾ

ഇടവേളകളുടെ
അനിവാര്യതയിലേക്ക്
വിരലുകൾ നീണ്ട് ചുകന്ന തിരി
അണഞ്ഞു പോകുമ്പോൾ

മോണിറ്ററിന്റെ  വെളിച്ചം
അരണ്ട നിലാവായ്
നമുക്കിടയിൽ പരന്നൊഴുകുന്നു

ഇപ്പോൾ വരണ്ട ആകാശത്തിന്റെ
അടയാളങ്ങൾ മാത്രം
ബാക്കിയാവുന്നു

Monday, October 1, 2012

പ്രണയപത്രം


നീയാണ് ശരി....

ഉപാധികളില്ലാത്ത പ്രണയം
നമുക്കിടയിൽ
മണ്ണിനടിയിലുറങ്ങുന്ന
മുളയ്ക്കാത്ത വിത്തു പോലെ

കാലം അടയാളപ്പെടുത്താത്ത
കവിയെ പോലെ
ഒരിക്കലും പിറക്കാത്ത
കവിത പോലെ....

അതിരുകളില്ലാത്ത വാനം
സ്വപ്നങ്ങളിൽ
വിരുന്നെത്തുന്ന
ചിറകരിഞ്ഞ കിളികളെ പോലെ...

സ്നേഹത്തിലാണ്
ദുഖത്തിന്റെ വിത്തുകൾ
മുളക്കുന്നതെന്ന
നിന്റെ കണ്ടെത്തലാണ് ശരി

എന്നിൽ ഇടം ചേർന്നിരിക്കുന്ന
കലർപ്പില്ലാത്ത സ്നേഹവും
നീ വലം പറ്റിയിരിക്കുന്ന കരുതലും
നാളെയുടെ ഓർമ്മപ്പെടുത്തലാണ്

പത്ര താളുകളിലെ
ചരമ കോളങ്ങളിലേക്ക്
നമുക്കിനിയും
എത്രയോ ദൂരമുണ്ട്...

അതിനാൽ
ഉപാധികൾ അതിരിടുന്ന
പ്രണയത്തിന്റെ ഉടമ്പടികളിൽ
ചോര വാർന്ന കണ്ണീരിനാൽ
നമുക്ക് ഒപ്പ് വെയ്ക്കാം....

Wednesday, July 25, 2012

പൂമ്പാറ്റ പറഞ്ഞത്



മകരമഞ്ഞിനെ
പ്രണയിച്ച ചെമ്പകമായിരുന്നു
പൂക്കളിലെ കന്യകയെന്ന്
അവളോട് പറഞ്ഞത്
പൂമ്പാറ്റയായിരുന്നു

മഴ പെറ്റ
വെയിലിന്റെ കുഞ്ഞായിരുന്നു
മഴവില്ലെന്നും

മണ്ണിനെ മോഹിപ്പിച്ച
വേനൽ മഴയ്ക്കൊപ്പമാണ്
അവൾ വന്നത്

മഴവെള്ളം
ഒഴുക്കി കളഞ്ഞ
സിന്ദൂരത്തിന്റെ നനവുമായ്.

കടലിനും
ശ്മശാനത്തിനുമിടയിലെ
ഉദ്യാനത്തിൽ
പെയിന്റടർന്ന ചാരുബെഞ്ചിൽ
ഒരു നിഴലായ്
ചേർന്നിരിക്കവെ
നിന്റെ ചുണ്ടുകളെനിക്ക് തന്നത്
വിടരാത്ത ചെമ്പരത്തിയിലെ
വറ്റാത്ത തേൻ...

കിട്ടാത്ത മുന്തിരിയുടെ
മധുരമാണ്
എന്റെ ചുണ്ടുകൾക്കെന്ന്
നീയും

മഴയുടെ തൂവലുകളണിഞ്ഞ്
ചിത്രപ്പണിയുള്ള
ചിറക് വീശി
പൂമ്പാറ്റ പറഞ്ഞു

ചെടികളിലല്ല
മരങ്ങളിലും പൂക്കളുണ്ട്...

കിടപ്പറവാതിൽ
തുറന്നിടുന്ന
പെണ്ണിന്റെ സദാചാരമാണ്
പൂക്കൾക്ക്...!!!

Wednesday, May 16, 2012

പരാതി


എട്ടരപ്പവന്റെ താലികട്ട
കള്ളനെ പറ്റിയായിരുന്നു
അവളുടെ പരാതി

എട്ടരയുടെ പവർക്കട്ടിലെത്തി
അവളുടെ മാനം കട്ട
ജാരനെ പറ്റിയായിരുന്നു
അവന്റെ പരാതി

മൂല്യനിർണ്ണയത്തിൽ
അവൾ ഫയലിലും
അവൻ ചവറ്റുകൊട്ടയിലും
ഇടം പിടിച്ചു.....

Friday, May 11, 2012

വൃത്താന്തം



രണ്ട് വൃത്തങ്ങൾ കൊണ്ട്
മിഴികളെഴുതി

അതിലൂർന്ന രേണുക്കളാൽ
നാസിക വരച്ചു
വലിച്ച് നീട്ടി
ചുകപ്പ് ചാലിച്ച്
ചുണ്ടുകൾ ഒപ്പിയെടുത്തു...

ഇനിയുമെത്രയോ
വൃത്തങ്ങൾ വേണം
എനിക്ക് നിന്നെ
വരച്ചെടുക്കാൻ

Monday, March 19, 2012

നമുക്കിടയിൽ




നമുക്കിടയിൽ
ഒരു കടലിന്റെ ദൂരമുണ്ട്

കാഴ്ചയിൽ,
അലയുന്ന മേഘങ്ങൾക്കപ്പുറം
കപ്പലിന്റെ കൊടിമരങ്ങളുടെ
നേർത്ത വരകൾ മാത്രം

നമുക്കിടയിൽ
ഒരു കടലിന്റെ ആഴമുണ്ട്

കേൾവിയിൽ,
നശിച്ച നിമിഷങ്ങളിലെങ്ങോ
കൈവിട്ട വാക്കുകളുടെ
നേർത്ത ഞെരക്കങ്ങൾ മാത്രം

അടിത്തട്ടിലെ
നോവുകൾക്ക് ഇടമില്ലാതാകുമ്പോൾ
നമുക്കിടയിൽ
ഒരു ആകാശത്തിന്റെ അഭയമുണ്ടായിരുന്നു

പരിഭവം പുകയുന്ന നീരാവിയായ്
മേഘച്ചിറകിൽ ഒളിച്ചിരുന്ന്
ഒരു മഴത്തുള്ളിയായ്
നിന്നിലേക്ക് തന്നെ
പെയ്തിറങ്ങുന്നൊരു സ്വപ്നമുണ്ടായിരുന്നു

നമുക്കിടയിലിപ്പോൾ
ഒരു ആകാശത്തിന്റെ അകലമാണ്,
നക്ഷത്രങ്ങളുടെ ദൂരവും...

കിളികളുടെ കണ്ണടച്ചുള്ള
സഞ്ചാരങ്ങൾക്ക് തടയിടുന്ന
ടവറുകളിൽ
നൂല് പൊട്ടിയ പട്ടങ്ങൾ പോലെ
നമ്മളിലാരോ കുരുങ്ങി കിടപ്പുണ്ട്...

നീ മാത്രം



 മഴനാരുകളിൽ സൂര്യനെഴുതിയ
കവിതയാണ് മഴവില്ലെന്ന്
എന്നോട് പറഞ്ഞതും

അലിഞ്ഞുതീരും മുന്നെ
ഏഴഴകുകളെനിക്കായ്
കൺപീലികളിൽ ഒപ്പിയെടുത്തതും

ചോര വറ്റിയ കണ്ണുകളിൽ
ചക്രവാളത്തിലെ
ചെന്തുടിപ്പുകൾ കുടഞ്ഞതും

ഉണങ്ങിയ മഷിത്തണ്ടിന്റെ
ചത്ത ഞെരമ്പുകളിൽ
നീല വർണ്ണങ്ങൾ കുത്തിവെച്ചതും

ആഴിയുടെ വന്യമാർന്ന
മിഴികളിൽ മുക്കിയെടുത്ത്
വാനിന്റെ നീലിമയിലേക്കെന്റെ
കാഴ്ച്ചകളെ പറിച്ച് നട്ടതും

നീയാണ്,
പ്രണയമേ, 
നീമാത്രമാണ്....

Friday, March 9, 2012

തലയ്ക്കു മുകളിലെ പക്ഷികള്‍ *




കാര്‍മേഘങ്ങള്‍ മഴത്തുള്ളികളായി
കലമ്പി പെയ്യുമ്പോള്‍ 
നമ്മുടെ തലയ്ക്കു മുകളില്‍ 
പക്ഷികള്‍ 
വട്ടമിട്ടു പറക്കുകയില്ല,
പകരം മൌനത്തിന്റെ വാത്മീകം 
നമ്മളെ  പൊതിഞ്ഞിരിക്കും .

ചില്ലകളുപേക്ഷിച്ച്
പരിണതിയില്ലാതെ
പറന്നകന്ന ചിന്തകള്‍
മണ്ണില്‍ വേരുകളില്ലാത്ത 
അന്വേഷണം 
മഴവെള്ളത്തില്‍ ഒലിച്ചു പോയ 
വണ്ടുകളുപേക്ഷിച്ച പൂവ്
അസൂയയുടെ കനലാട്ടം 
എരിഞ്ഞടങ്ങിയകണ്ണുകള്‍


ഒരിക്കലും തിരിച്ചെത്താനാവാത്ത
ഉത്തരങ്ങള്‍ തേടിപ്പോയ 
വാക്കിനെ കാറ്റെടുത്തു
മരപ്പൊത്തില്‍ ഉപേക്ഷിക്കുമ്പോള്‍
അയഞ്ഞ സിരകളില്‍ 
മഴയുടെ കുളിര് ഒഴുകിയിറങ്ങുന്നു 

സംശയത്തിന്റെ തിരയിളക്കങ്ങള്‍
അസ്തമിച്ച മിഴികളില്‍ 
പരിചയക്കേടിന്റെ അകലമില്ലാതെ 
തണുപ്പിന്റെ അലകളുമായ്
മരങ്ങള്‍ക്കിടയിലൂടെ
പിന്നെയും കാറ്റ് വീശുന്നു .

Friday, March 2, 2012

ഉർവ്വരതയിൽ നിന്ന് ഊഷരതയിലേക്ക്




ഇന്നലെ ഞാൻ വരുമ്പോൾ
അവൾ കവിത എഴുതുകയായിരുന്നു

ആഴങ്ങളിലെവിടെയോ നഷ്ടമായ
പ്രണയവും
പെരുവഴിയിലുപേക്ഷിക്കപ്പെട്ട
അനുരാഗവും...

അവിടെയപ്പോൾ
മഴപെയ്യുകയായിരുന്നു
പ്രണയത്തിന്റെ നിറമെന്താണെന്ന
എന്റെ ചോദ്യം അവൾ കേട്ടതേയില്ല

*********************************
ഇന്ന് അവൾ വരുമ്പോൾ
ഞാൻ കവിത വായിക്കുകയായിരുന്നു

വേനൽമഴ പോലെ പെയ്ത
പ്രണയവും
ഉത്തരങ്ങളില്ലാത്ത സമസ്യകളായ
അനുരാഗവും...

ഇവിടെയപ്പോൾ
തീക്കാറ്റ് വീശുകയായിരുന്നു
പ്രണയത്തിന് മഴവില്ലിന്റെ
നിറമേകിയത് അവൾ കണ്ടതേയില്ല

***************************
അവളെഴുതുകയായിരുന്നു,
അനുരാഗിണിയുടെ
സ്വപ്നങ്ങൾക്ക് അവസാനമില്ല...
അതിൽ പ്രണയ ഭാവങ്ങൾ
പൂത്തുലയുന്നു

നിറച്ചാർത്തുകളുടെ
പെരുമഴക്കാലമാണിവിടം...

യാത്രാമൊഴിയില്ലാതെ
ഞാൻ പടിയിറങ്ങുമ്പോൾ,
പൂമൊട്ടുകൾ പോലെ
താരകങ്ങൾ കണ്ണുചിമ്മുന്നത് നോക്കി
അവളിരിപ്പായിരുന്നു.

***************************
ഞാൻ വായിക്കുകയായിരുന്നു
വിടവാങ്ങലിന്റെ അനിവാര്യതയിൽ
തിരശ്ശീല വീഴുന്ന
പ്രണയനാടകങ്ങളിലെ
കാമുകനെഴുതിയ നിരർത്ഥകമായ
ചരമക്കുറിപ്പുകൾ

സീമന്ദരേഖയിൽ സിന്തൂരമണിഞ്ഞ്
അവൾ പടിയിറങ്ങുമ്പോൾ
അടർന്നുവീണ കണ്ണീരിൽ
അക്ഷരങ്ങൾ മായുന്നത് നോക്കി
ഞാനിരിപ്പായിരുന്നു