Monday, January 7, 2013

വിരുന്നുകാരുടെ വഴി


റോഡിനിപ്പുറത്തെ മദ്യശാലയിൽ
ചില്ലുഗ്ലാസിലുടയാത്ത
സ്വർണ്ണ കുമിളകൾ നോക്കി
കവിതയുടെ പേറ്റ് നോവുമായ്
അവൻ
റോഡിനപ്പുറത്തെ പുസ്തകശാലയിൽ
തൂങ്ങി മരിച്ച പ്രണയിനികളുടെ
ചരമക്കുറിപ്പുകളുടെ
കവിതയുടെ വരികൾക്കിടയിൽ
അവൾ
അവർക്കിടയിൽ
വെറുതെ പെയ്യുന്ന മഴ,
എവിടെയോ പോകുന്ന കാറ്റ്...
എത്ര കുടിച്ചാലും വറ്റാത്ത
ദാഹമാണ് നിന്നോടുള്ള
പ്രണയമെന്ന കുറിമാനം
റോഡിനപ്പുറത്തേക്ക്
അവൾ പറത്തി വിട്ടു
അവസാന വലിയിൽ
ആദ്യ ചുംബനത്തിന്റെ
മധുരമൂറുന്ന ചിരിയോടെ
റോഡിനിപ്പുറത്ത് മൊബൈൽ
ശ്വാസം മുട്ടി മരിച്ചു
ഹണി ബീയുടെ
കടം വാങ്ങിയ ചിറകുമായ്
റോഡിനിപ്പുറത്ത് നിന്നും
ഒറ്റ പറക്കലിൽ
റോഡിനപ്പുറത്തേക്ക്
ആദ്യ സമാഗമത്തിന്റെ വിറയൽ
മഴയുടെ സമ്മാനമെന്ന്
അവളവനോടും, അവനവളോടും
കള്ളം പറഞ്ഞു
അവർക്കിടയിൽ
എന്തിനോ പെയ്യുന്ന
മഴയുടെ കുളിര്.....
എന്തോ തേടുന്ന
കാറ്റിന്റെ മൂളൽ.....
കുളിരിലെ ചെറുതീയായ്
പ്രണയത്തിന്റെ അമൃത്
നുകരാമെന്നവൻ
മഴത്തുള്ളി കാട്ടിതരാമെന്ന്
പറഞ്ഞവൾ
പൊക്കിൾ ചുഴിയിലേക്ക്
അവന്റെ വിരൽ പറിച്ച് നട്ടു
ഊഴം കാക്കാതെ
അലമാരയിൽ നിന്ന് ഭീമനായ്
എം.ടി, ദ്രൗപതിയുടെ
മുലക്കണ്ണ് കത്രിച്ചു
റെഡ് സിഗ്നൽ ഭേദിച്ച
തടികോൺട്രാക്കടരെ പുണർന്ന്
ക്ലാര പത്മരാഗം മൂളി
പതിനൊന്ന് മിനുറ്റ് പോലും
ഓടിയെത്താനാകാത്ത
പൗലോ കൊയ്ലോയുടെ
കിതപ്പുകൾക്കിടയിലേക്ക്
മിന്നൽ പിണറിന്റെ
വെള്ളിവെളിച്ചം ആഞ്ഞ് വീശി
ക്ലിക്ക്...
ക്ലിക്ക്...ക്ലിക്ക്....
ഉത്തരത്തിൽ ഒളിഞ്ഞു നോക്കുന്ന
പല്ലിയുടെ ചിലപ്പ് പോലെ,
പിന്നാലെ
പടവുകൾ ചാടിയിറങ്ങുന്ന
മെതിയടികളുടെ അട്ടഹാസങ്ങൾ...!!!
തെറിച്ച് വീണ മേഘസന്ദേശം
നൂൽ ബന്ധമില്ലാതെ തൂവലുകളായ്
പാറി പറന്നു,
അവനും
അവളും
ഇനി നമ്മളുടെ വിരുന്നുകാർ
നീലപ്പല്ലുകൾക്കിടയിലൂടെ
റോഡിനിപ്പുറത്ത് നിന്നും
റോഡിനപ്പുറത്തേക്ക്...