Wednesday, March 2, 2011
വെറുതെ
നിന്റെ ചുംബനത്തിന്റെ
കുളിരുള്ള നനവ്
മാഞ്ഞുപോകുമെന്ന
ഭയത്താലാണ്
ഞാനിന്നും മുഖം
തുടക്കാതിരിക്കുന്നത്....
ഒടുക്കത്തെ
ആലിംഗനത്തിൽ നിന്നും
നമ്മെ രണ്ടായി
മുറിച്ചുമാറ്റും മുമ്പേ
ഇടനെഞ്ച്
പൊട്ടിത്തകരുമ്പോൾ,
പൊലിയുന്ന പ്രാണന്റെ
ചിറകടിയൊച്ചകൾക്കായ്
ഞാൻ വെറുതെ
കാതോർത്തിരുന്നു....
വയ്യ....!!!!
കരയാനറിയില്ലെന്ന്
ഞാൻ പറഞ്ഞത്
വെറുതെയായിരുന്നു...!!!
അണുകുടുംബങ്ങൾ ഉണ്ടാകുന്നതിന് മുമ്പ്
ഏകാന്തതയുടെ
തുരുത്തിൽ നിന്നാണ്
നിന്റെ വാതിലിൽ മുട്ടിയത്..
നിറകൺചിരിയാൽ
നീ തുറന്ന വാതിലിന്നുള്ളിലെ
പൂമുഖങ്ങളിൽ
പിന്നെയും ചിരിക്കുന്ന
മുഖങ്ങളുടെ വരവേല്പ്പ്...
അങ്ങിനെ ഞങ്ങളുണ്ടായി.
പിന്നീട് നിനക്കൊപ്പം
നിന്റെ പാട്ടിനാണ്
ഞങ്ങൾ താളം പിടിച്ചത്
നിന്റെ കഥകളുടെ
പൂമരച്ചോട്ടിലാണ്
ഞങ്ങളുറങ്ങിയത്.
ഇടനെഞ്ചിലെ
കത്തുന്ന ചൂടിനാൽ
നീ വിളമ്പിയ നേദ്യങ്ങൾ
ഞങ്ങളുടെ പശിയടക്കി.
ദാഹമകറ്റാൻ
നിന്റെ കണ്ണീരിന്റെ
ഉപ്പുരസവും....
പിന്നീട്,
നിന്റെ വരികളിലെ
വയലറ്റ് നിറങ്ങൾക്കിടയിൽ
ചിക്കിചികഞ്ഞവരാണ്
ആ മിഴികളിൽ ആസക്തിയുടെ
അഗ്നിയുണ്ടെന്ന് പറഞ്ഞതും,
ചുംബനങ്ങളുടെ
സീൽക്കാരങ്ങളുതിർത്തതും...
നീയവരെ
കറുത്ത തിരശ്ശീലയിൽ
മൂടി വെച്ചു.
നീ വിളമ്പിയ ബലിച്ചോറിലെ
ചേരുമ്പടികളിലെ
രസക്കുറവ് പറഞ്ഞവരെ
നീ ആട്ടിയിറക്കി....
കണ്ണീരിലെ ഉപ്പുരസത്തിലെ
കലർപ്പ് രുചിക്കാത്തവർക്ക്
മുന്നിലും നീ വാതിൽ
കൊട്ടിയടച്ചു....
സ്തുതിപാഠങ്ങളിൽ
നീ വീഴ്ത്തിയ
ചുകപ്പുമഷിയിൽ നിന്നും
എതിർപ്പിന്റെ മുള്ളുവേലികൾ
നിന്നെ വിലയം ചെയ്തു
അങ്ങിനെ
നിന്നെ നോവിച്ചവരും,
നീ വേദനിപ്പിച്ചവരും
കുടിയിറങ്ങിയപ്പോഴാണ്
അണുകുടുംബങ്ങളുണ്ടായത്.....
ഒറ്റ്
മുഖ പുസ്തകത്തിലെ
അകത്താളുകളില്‍
ചിരിച്ചിരിക്കുന്ന
ഒരു വേട്ടക്കാരനായിരുന്നു
ഞാന്‍...
സമൃദ്ധിയുടെയും
ഒരുമയുടേയും
സ്വപ്നങ്ങള്‍ക്ക്
അവസാനമില്ലാതിരുന്ന
ഒരു പാവം വേട്ടക്കാരന്‍...
ഒരു നാള്‍
പാറകള്‍ക്ക് മുകളില്‍ പകര്‍ന്ന
വീഞ്ഞിന്റെ ലഹരിയില്‍
ഒരു മാന്‍പേടയ്ക്കു നേരെ
വില്ല് കുലയ്ക്കുമ്പോഴാണ്
അവന്‍
ഒരു ഒറ്റുകാരന്റെ
രൂപത്തില്‍ വന്നണഞ്ഞത്
ഒരു നിഴല്‍ പോലെ...
അല്ലെങ്കില്‍--
കാറ്റിന്റെ മൂളല്‍ പോലെ...
ലഹരി പുകഞ്ഞ
ചിന്തകളിലവന്‍
വിദ്വേഷത്തിന്റെ തീ പടര്‍ത്തി
നാല്‍ക്കവലയിലെ
യാത്രയുടെ ദിശാസൂചിക
മാറ്റിവരച്ചു.
ഒടുവില്‍
കരിയിലകള്‍ പാകിയ
വഴിയിലെ
കള്ളക്കുഴികളില്‍
തള്ളി വീഴ്ത്തി
അനുകമ്പകള്‍ക്കിടമില്ലാത്ത
കാട്ടുനീതിയില്‍
മുറിവിലെ പച്ചമാംസത്തില്‍
പച്ചമണ്ണിന്റെ
എരിവ് ചേര്‍ത്തു...
ഇപ്പോള്‍
ക്ഷമാപണം എന്ന വാക്കിനെ
വ്യഭിചരിച്ച്
വഴിപോക്കരോട്
എന്നെ ചൂണ്ടി
കള്ളക്കണ്ണീരൊഴുക്കുന്നു...
ആ കണ്ണുനീരാലാണ്
കാട്ടു ചോലയില്‍
വിഷം കലര്‍ന്നത്....
തനിയെ
നിലാവൊത്ത
വെൺ മേഘങ്ങളുള്ള
ചിങ്ങപ്പുലരിയുടെ
സ്വപ്നങ്ങൾ
എനിക്ക് കടം തരിക...
ഇരുളൊത്ത
കാർമേഘങ്ങൾ
പെയ്തൊഴിയാത്ത
കർക്കിടക രാവുകൾക്ക്
പകരമായ്
കോൺക്രീറ്റ് മരങ്ങളിലെ
കിളിക്കൂടുകളിൽ
അടയിരിക്കുന്ന എ. സി.
സമ്മാനിക്കുന്ന
അഗ്നിശലാകകൾക്ക്പകരം,
പച്ചമരത്തണലിന്റെ
കുളിരുള്ള ഓർമ്മകളെങ്കിലും..!!!
ഊഷരതയിൽ നിന്നും
ഞാൻ കണ്ടിരുന്ന
ഉർവ്വരതയുടെ കിനാവുകളിൽ
ചുകപ്പ് മഷി പടർന്നിരിക്കുന്നു...
സ്വപ്നങ്ങളുടെ തിരശ്ശീലയിൽ
ഇപ്പോൾ കറുപ്പ് നിറം മാത്രമാണ്.
കാലം ഒരു പുഴ പോലെ
ഏഴ് വർണ്ണങ്ങളാണ്
ഒഴുക്കി കളഞ്ഞത്...
സ്വപ്നങ്ങൾ പൂത്തുലഞ്ഞ
നിറച്ചാർത്തുകൾ പെയ്തിറങ്ങിയ
പൊന്നോണപ്പുലരികൾ.....
അവളെപ്പോലെ
കണ്ണാടി നോക്കി ഇനി
ഞാനും കരയട്ടെ....
Subscribe to:
Posts (Atom)