Wednesday, July 25, 2012

പൂമ്പാറ്റ പറഞ്ഞത്



മകരമഞ്ഞിനെ
പ്രണയിച്ച ചെമ്പകമായിരുന്നു
പൂക്കളിലെ കന്യകയെന്ന്
അവളോട് പറഞ്ഞത്
പൂമ്പാറ്റയായിരുന്നു

മഴ പെറ്റ
വെയിലിന്റെ കുഞ്ഞായിരുന്നു
മഴവില്ലെന്നും

മണ്ണിനെ മോഹിപ്പിച്ച
വേനൽ മഴയ്ക്കൊപ്പമാണ്
അവൾ വന്നത്

മഴവെള്ളം
ഒഴുക്കി കളഞ്ഞ
സിന്ദൂരത്തിന്റെ നനവുമായ്.

കടലിനും
ശ്മശാനത്തിനുമിടയിലെ
ഉദ്യാനത്തിൽ
പെയിന്റടർന്ന ചാരുബെഞ്ചിൽ
ഒരു നിഴലായ്
ചേർന്നിരിക്കവെ
നിന്റെ ചുണ്ടുകളെനിക്ക് തന്നത്
വിടരാത്ത ചെമ്പരത്തിയിലെ
വറ്റാത്ത തേൻ...

കിട്ടാത്ത മുന്തിരിയുടെ
മധുരമാണ്
എന്റെ ചുണ്ടുകൾക്കെന്ന്
നീയും

മഴയുടെ തൂവലുകളണിഞ്ഞ്
ചിത്രപ്പണിയുള്ള
ചിറക് വീശി
പൂമ്പാറ്റ പറഞ്ഞു

ചെടികളിലല്ല
മരങ്ങളിലും പൂക്കളുണ്ട്...

കിടപ്പറവാതിൽ
തുറന്നിടുന്ന
പെണ്ണിന്റെ സദാചാരമാണ്
പൂക്കൾക്ക്...!!!

4 comments:

  1. ശ്രീജിത്തെ, കവിത നന്നായിട്ടുണ്ട്‌. മഴപെറ്റ വെയിലിന്റെ കുഞ്ഞായിരുന്നു മഴവില്ലെന്ന പ്രയോഗം അസ്സലായി

    ReplyDelete
  2. ശ്രീജിത്തെ, കവിത നന്നായിട്ടുണ്ട്‌. മഴപെറ്റ വെയിലിന്റെ കുഞ്ഞായിരുന്നു മഴവില്ലെന്ന പ്രയോഗം അസ്സലായി Please remove word verification.

    ReplyDelete
  3. പ്രധിഷേധിക്കാനാവാത്ത പൂക്കൾ എന്ത് ചെയ്യാൻ..

    നന്നായെഴുതി

    ReplyDelete