Monday, April 18, 2011

ഒരു വർത്തമാനം






















കെട്ടുകഥകളുടെ
വിൽപ്പനശാലകൾക്ക് വേണ്ടി
കഥകൾ തേടി വന്ന
തന്നോട് ഞാനാ കഥ പറയാം...

നീ കേട്ടിരുന്നാൽ മതി
അല്ലെങ്കിലും നിനക്കെഴുതാനാകില്ലല്ലോ
മഷിയില്ലാത്ത പേനയിൽ
ഒളിച്ചിരിക്കുന്ന കണ്ണുകൾ
എല്ലാം ഒപ്പിയെടുക്കട്ടെ...

നിനക്കറിയുമോ,
എല്ലാ പാമ്പുകളും
മാളങ്ങൾ തേടിയലയുമ്പോൾ
പാമ്പുകളെ കാത്തിരുന്ന
മാളമായിരുന്നു ഞാൻ...

അരിപ്പാത്രത്തിൽ വളർന്ന
പൂപ്പലുകൾ അടർത്തിമാറ്റുമ്പോൾ
സ്വന്തം അടുപ്പിൻ കുണ്ടിലായിരുന്നു
ഞാനാദ്യം പാമ്പിനെ കണ്ടത്...!!!

അരവയറിന്റെ കത്തലടക്കാനാകാതെ
കൊട്ടപ്പായയിൽ മലർന്ന് കിടക്കവെ
ഓലക്കീറിനുള്ളിലൂടെ
ആദ്യമെന്നെ ഒറ്റ് നോക്കിയതും
പിന്നീട്‍-
ഉറ്റ് നോക്കിയതും
അമ്പിളിമാമനായിരുന്നു...!!!


നിലാവിന്റെ നീണ്ട കരങ്ങളാൽ
എന്റെ നഗ്നതകളിൽ
നിഴൽച്ചിത്രങ്ങൾ വരച്ച
ആ ത്രിസന്ധ്യയിലാണ്‌
മാളങ്ങളുടെ വിൽപ്പന സാധ്യതയെപ്പറ്റി
ഞാൻ ചിന്തിച്ചത്...!!!

എന്റെ ഭൂതകാലത്തിന്റെ
ആകാശങ്ങളിലപ്പോൾ
പറന്ന് കളിച്ച
നൂല്‌പൊട്ടിയ പട്ടങ്ങളിലൊന്നിൽ
അമ്മയുടെ മുഖം തെളിഞ്ഞുവന്നു

മുറുക്കിച്ചുവന്ന ചുണ്ടുകളും,
മഞ്ഞ് പാളിക്കപ്പുറത്ത്
ഒരു മാണിക്യം പോലെ
മൂക്കുത്തിയുടെ തിളക്കവും...

വാടിയ മുല്ലപ്പൂക്കളുടെ മണമായിരുന്നു
എനിക്കുമപ്പോൾ...!!!

അതെ ഭൂതകാലത്ത്
അച്ചൻ പൈങ്കിളിയോട്
പാട്ട് പാടുകയായിരുന്നുവെന്ന്
നീയും കേട്ടിരിക്കുമല്ലോ..???

മുഷ്ടി ചുരുട്ടിയെറിഞ്ഞ
ആകാശങ്ങളിൽ
രക്തനക്ഷ്ത്രങ്ങളെ സ്വപ്നം കണ്ടതും
അധിനിവേശത്തിന്റെ
കാലടികളെ
നെഞ്ചിൻ കൂടുകൊണ്ട്
പ്രതിരോധിച്ചതും......

ദേ, അതൊന്ന് നോക്കൂ...
മുറ്റത്ത് ഉണങ്ങാനിട്ടിരിക്കുന്ന
കയ്പ്പ കുരുക്കൾ പോലെ,
അച്ചൻ ചുമച്ച് തുപ്പിയ
ചോരത്തുള്ളികൾ...!!!


ഇന്നലെകളിലെ
ചെയ്തികളുടെ സമ്പാദ്യത്തിന്‌
വർത്തമാനങ്ങളിൽ കിട്ടുന്ന
പലിശയാണത്

പകൽ മാന്യതയുടെ
ഒടുങ്ങാത്ത ആസക്തികൾ
ഇന്നെരിഞ്ഞ് തീരുന്നത്
എന്റെ അരക്കെട്ടുകൾക്ക്
താഴെയാണ്‌...

പത്തി വിടർത്തുന്ന ആ സർപ്പങ്ങൾ
വിഷമിറ്റിക്കുന്നത് എന്റെ
തുടയിടുക്കുകൾക്കിടയിലാണ്‌...!!!

ഇന്നലെ വന്നൊരുത്തൻ
എന്റെ അടിവസ്ത്രത്തിലെ ചുകപ്പിൽ
കോൾമയിർ കൊണ്ടപ്പോഴാണ്‌
അച്ചനെയോർത്തതും,
കണ്ണീരൊപ്പിയതും...

അവന്റെ കീശയിലെ
പച്ചനോട്ടിൽ നിന്നും
ഒരാളത് കണ്ട് മോണ കാട്ടി ചിരിച്ചത്
ഞാൻ കാണാതിരുന്നു.

മന്ത്രിയോ...????
തന്ത്രിയോ...???
അതാരാണെന്ന് നീ ചോദിക്കരുത്...
ശീലപ്പെടൽ എന്നതാണ്‌
ഇന്നെന്റെ ശീലം...

നിനക്കറിയോ,
ശ്രദ്ധിക്കാതിരിക്കേണ്ടുന്ന
കാര്യങ്ങൾ
ശ്രദ്ധിക്കാതിരിക്കലാണ്‌ ശ്രദ്ധ...!!!