Thursday, September 15, 2011

വെറും മൂന്നക്ഷരങ്ങള്‍...

നീ എന്തിനാണ്
എന്നെയിങ്ങനെ പകയോടെ
നോക്കുന്നത്?
പക ചുവപ്പിച്ച
നിന്റെ കണ്ണുകള്‍ക്കും
മേടച്ചൂടില്‍ കൊഴിഞ്ഞു വീണ
വാക പൂക്കള്‍ക്കും ഒരേ നിറം.

നിന്‍റെ കാഴ്ച്ചയുടെ
തെറ്റായ കോണിലൂടെ
ഒരു പൂവാലന്‍ കിളി
ചിറകടിച്ചുയര്‍ന്നപ്പോഴാണ്
എന്‍റെയുള്ളിലെ പൂക്കാലത്തിന്റെ
വര്‍ണങ്ങള്‍ കെട്ടു പോയത്.

കാട് കയറിയ വാക്കുകളുടെ
മേച്ചില്‍പ്പുറങ്ങളിലെങ്ങോ
കഴുകന്‍ കണ്ണുകള്‍
എന്‍റെ മുഖത്തൊട്ടിച്ച  
വേളയിലാണ് 
മാന്‍പേടയുടെ മിഴികള്‍ 
എനിക്ക് നഷ്ടമായതും 
മഴവില്ലിന്റെ തേരോട്ടം 
അന്യമായതും 

ഉടഞ്ഞ വളപ്പൊട്ടുകളിലെ
ഉണങ്ങാത്ത ചോരയും  
ചത്തു മലച്ച കണ്ണുകളും  
നീ കണ്ടതേയില്ല 

എന്റെ വാക്കുകള്‍ക്കും,
എഴുത്തുകള്‍ക്കും 
നീര്കുമിളയുടെ
ആയുസ്സ് മാത്രം 

ഇന്നും പരാജയപ്പെടുന്നത് 
ഞാന്‍ തന്നെയാണ്. 

പ്രണയമെന്നത് 
നിനക്കെഴുതാന്‍ മാത്രമുള്ള
വെറും മൂന്നക്ഷരങ്ങള്‍ ....

Sunday, September 11, 2011

മഴ തോര്‍ന്ന നേരം

മഴ പെയ്തൊഴിഞ്ഞ
വാനില്‍ വിരിഞ്ഞ
മഴവില്ലിനറ്റം വരെ
നമുക്ക് കണ്ണോടിച്ചിരിക്കാം .......

നിന്റെ മൂക്കിന്‍ തുമ്പില്‍
ഇറ്റുവീഴാന്‍ മടിച്ചുനിന്ന
മഴത്തുള്ളിയുടെ
കണ്ണിറുക്കിച്ചിരി
മായും മുന്നേ
ആ മിഴിയുടെ നീലിമയില്‍
ഞാന്‍ സ്വയം നഷ്ടമാകട്ടെ ...

നോക്കൂ,
മെല്ലെ വീശിയ
കാറ്റിന്റെ കുരുത്തക്കേടിൽ
മരങ്ങള്‍ക്ക് കീഴെ
പിന്നെയും മഴ പെയ്യുന്നതും,
പൂത്തുമ്പികള്‍ നിറങ്ങളായ്‌
നമുക്ക് ചുറ്റും
പാറിക്കളിക്കുന്നതും
നീ കാണുന്നില്ലേ .....

അനുസരണകേടോടെ
പാറിക്കളിക്കുന്ന
മുടിയിഴകള്‍ മാടിയൊതുക്കി
ശ്വാസം മുട്ടും വരെ
നിന്നെ ഉമ്മകള്‍ കൊണ്ട് മൂടട്ടെ ...

അതിരുകളില്ലാത്ത നീല
വാനം പോലെയാണ്
പ്രണയമെന്നു
നീ മന്ത്രിക്കവെയാണ് ,
കാല ബോധമില്ലാതെ
പാറിക്കളിക്കുന്ന
അപ്പൂപ്പന്‍ താടിയുടെ ജന്മം
ഞാന്‍ കൊതിച്ചത് ..........

മരണത്തിന്‌ മുന്നേ

അന്തിക്ക് പെയ്യുന്ന
മഴ പോലെ
അലോസരങ്ങളുടെ
മാറാപ്പുമേന്തി
ക്ഷണിക്കാത്തൊരു
വിരുന്നുകാരനായി
ഞാൻ വരില്ല...

വാകപ്പൂക്കൾ പൂത്തുലയുന്ന
നിറമുള്ള വഴികളിൽ
ചാഞ്ഞ്‌ വീഴുന്നൊരു
നിഴലായ് പോലും

അതിനാൽ
ചത്ത പകലുപേക്ഷിച്ച
നാട്ടുവെളിച്ചത്തിൽ
നീ ഒളിച്ചിരിക്കേണ്ടതില്ല

തീന്മേശയിലെ
രുചിഭേദങ്ങളിലെ
മിഴിനീരിന്റെ ഉപ്പും
അവഗണനയുടെ കയ്പ്പും
വിദ്വേഷത്തിന്റെ എരിവും
വിണ്ടുകീറിയ എന്റെ
നാവുകൾക്കന്യമാണ്‌

ഇനി ഞാൻ
സ്വപ്നങ്ങളുടെ ശവപ്പറമ്പിൽ
ചിതലെടുത്ത കരളുമായ്
മൃതിയുടെ കൈയ്യിലിരുന്ന്
നിരർത്ഥകമായൊരു
സൌഹൃദത്തിന്റെ
ചരമക്കുറിപ്പെഴുതട്ടെ

കാഴ്ച്ചകളെ മറച്ച
കണ്ണടയ്ക്ക് പിന്നിലെ
ചോര വാർന്ന കണ്ണുകൾ
നീ മാത്രമാണ്‌ കണ്ടത്

അതിനാൽ,
എന്റെ കുഴിമാടത്തിലെങ്കിലും
നീ വരണം...

അടയാത്ത മിഴികൾക്ക്
മേലെ വിതറുന്ന
വാകപ്പൂക്കളിലെ
നീഹാരകണങ്ങൾ
നീയെനിക്കായ് കരുതിയ
മിഴിനീരെന്നെങ്കിലും
ഞാൻ വെറുതെയൊന്ന്
വിശ്വസിച്ചോട്ടെ

Friday, August 12, 2011

silence please....!!!

സമയമില്ലായ്മ ഒരു
വേട്ടക്കാരനെ പോലെയാണ്‌
എപ്പോഴും കടന്നാക്രമണം
പ്രതീക്ഷിക്കുന്ന
ജാഗരൂകമായ മനസ്സാകും
അതിന്റേത്

കാടിന്റെ പച്ചഇരുട്ടിൽ
പതുങ്ങിയിരിക്കുമ്പോൾ
പെരുമ്പറ പോലെ
മുഴങ്ങുന്ന
ഹൃദയതാളത്തെ പോലും
അവൻ ശപിക്കും

കൂർത്ത ചെവികൾ
കാതോർക്കുന്നത്
ഇലയനക്കങ്ങൾ മാത്രമാണ്‌

അതിനാൽ
പൊട്ടിയ ഓടകളിൽ
തുള വീഴ്ത്തി
ആരും പാടരുത്

കാട്ടുചെമ്പകത്തിലെ
വറ്റാത്ത പരിമളം
ആരും കുടയരുത്

എന്നിട്ടും,
കാട്ടരുവിയുടെ
അങ്ങേകരയിൽ നിന്നും
കുളിരുമായ് വന്ന നിഴൽ
കാലടികൾക്കിടയിൽ
ഒളിച്ചിരുന്നതും,
കിഴക്കൻ ചെരുവിലേക്ക്
നീണ്ട് പോയതിന്‌
പിന്നാലെ
മുളങ്കാടുകൾ പൂത്തതും
കരിയിലകളിൽ
തീ പടർന്നതും
അവനറിഞ്ഞതേയില്ല

Friday, July 22, 2011

നിന്റെ കണ്ണിലെ നക്ഷത്രങ്ങൾ


നിന്റെ മിഴികളിലെ
നക്ഷത്രത്തിളക്കത്തിൽ
കാഴച്ചകൾ മങ്ങിയ നേരത്താണ്‌
എന്റെ സിരകളിലാരോ
പ്രണയം കുത്തിവെച്ചത്

കരിഞ്ഞുണങ്ങിയ
ഹൃദയവും കടന്ന്
തീ പിടിച്ച തലച്ചോറുകൾ
ഉരുകിയൊലിച്ചാണ്‌
ഞാൻ പ്രണയവർണ്ണങ്ങൾ
ചാലിച്ചത്

നരച്ച താടിരോമങ്ങളിലെ
വെളുപ്പിനെ അത് കറുപ്പാക്കി

ഇലകൊഴിഞ്ഞ മരത്തിൽ
തളിരിലകൾ പൊടിച്ചതും
പാറിയകന്ന ബലികാക്കകൾക്ക്
പിന്നാലെ
ഇണക്കുരുവികൾ വിരുന്നുവന്നതും
അപ്പോഴായിരുന്നു

ഉപ്പുകാറ്റേറ്റ് തുരുമ്പിച്ച
കടൽപ്പാലത്തിന്‌ മുകളിലിരുന്ന്
കയ്പ്പിന്റെ രസമുകുളങ്ങളിൽ
പ്രണയത്തിന്റെ
ചോക്ക്ലേറ്റ് മധുരം
നുണഞ്ഞിറക്കിയ നേരത്ത്
കൂമ്പിയ മിഴിക്കോണിൽ
ചുംബിക്കാനൊരുങ്ങവെയാണ്‌
നിന്റെ കവിളുകളിലെ
കണ്ണാടിത്തിളക്കത്തിൽ
സൂര്യനസ്തമിച്ചതും,
ഇന്നലെ പെയ്ത മഴയിൽ
ഒലിച്ചുപോയ സിന്ദൂരത്തിന്റെ
നനഞ്ഞ വാക്കുകകൾ
നീയെന്നിൽ കുടഞ്ഞതും
രണ്ടക്ഷരം കൊണ്ടെന്റെ
ബലൂൺ പ്രണയത്തെ
പൊട്ടിച്ചതും...

Tuesday, June 21, 2011

റോങ്ങ് നമ്പർ


വഴി പിഴച്ചെത്തിയാണ്‌
നിന്റെ വാതിലിൽ മുട്ടിയത്
വൈദ്യുതി കണ്ണടച്ചനേരത്ത്
പൊട്ടി വീണ കൂരിരുട്ടിൽ
കാണാത്ത മുഖമായ്...
അറിയാത്ത സ്വരമായ്...

കൊക്കുരുമ്മുന്ന ഇണക്കിളികളുടെ
ചിത്രമുള്ളൊരു തീപ്പെട്ടിയുരച്ച്
നീ കൊളുത്തിയ ചിമ്മിനിവിളക്ക്
അനുസരണക്കേടൊടെ
കറുപ്പിനെ മഞ്ഞയാക്കി

അഴിഞ്ഞുലഞ്ഞ മുടിയുള്ള
നിന്റെ നിഴൽ
നീണ്ട് വളർന്നെന്നെ
പുണർന്നപ്പോഴാണ്‌
കുളിരോടെ മഴ ചാറിയത്

പുതുമഴ സമ്മാനിച്ച
മണ്ണിന്റെ നറുമണമായിരുന്നു
നിനക്കുമപ്പോൾ

മിന്നൽപ്പിണറിൽ തെളിഞ്ഞ
പൊക്കിൾചുഴികൾക്കും
മഴത്തുള്ളികൾക്കും
എന്തൊരു സാമ്യം...!!!

ആഴിയുടെ വന്യമാർന്ന
നീലിമയുള്ള
നിന്റെ മിഴികളിൽ
പരൽ മീനുകൾ
ചഞ്ചാടുകയായിരുന്നു

മഴ നനഞ്ഞ്കു തിർന്ന മണ്ണിൽ
പുതഞ്ഞ കാല്പ്പാടുകളാൽ
നീ വരച്ചിട്ട ചിത്രങ്ങൾക്ക് മേലെ
ഞാനൊരു പെരുമഴയായ്പെയ്തിറങ്ങി

ഞെരിഞ്ഞമർന്ന കരിയിലകൾക്ക് മേലെ
നീയപ്പോൾ പൂത്തുലഞ്ഞു

അങ്ങിനെ,
മഴ തോർന്ന്
തളിരിലകളിൽ നിന്നടർന്ന
മഴത്തുള്ളികൾ
താഴെ വീണുടഞ്ഞ നേരത്താണ്‌
എന്റെ മുയൽച്ചെവികളിൽ
നീ മന്ത്രിച്ചത്,

ഞാനുമൊരു വഴിപിഴച്ചവളാണെന്ന്..

Monday, April 18, 2011

ഒരു വർത്തമാനം


കെട്ടുകഥകളുടെ
വിൽപ്പനശാലകൾക്ക് വേണ്ടി
കഥകൾ തേടി വന്ന
തന്നോട് ഞാനാ കഥ പറയാം...

നീ കേട്ടിരുന്നാൽ മതി
അല്ലെങ്കിലും നിനക്കെഴുതാനാകില്ലല്ലോ
മഷിയില്ലാത്ത പേനയിൽ
ഒളിച്ചിരിക്കുന്ന കണ്ണുകൾ
എല്ലാം ഒപ്പിയെടുക്കട്ടെ...

നിനക്കറിയുമോ,
എല്ലാ പാമ്പുകളും
മാളങ്ങൾ തേടിയലയുമ്പോൾ
പാമ്പുകളെ കാത്തിരുന്ന
മാളമായിരുന്നു ഞാൻ...

അരിപ്പാത്രത്തിൽ വളർന്ന
പൂപ്പലുകൾ അടർത്തിമാറ്റുമ്പോൾ
സ്വന്തം അടുപ്പിൻ കുണ്ടിലായിരുന്നു
ഞാനാദ്യം പാമ്പിനെ കണ്ടത്...!!!

അരവയറിന്റെ കത്തലടക്കാനാകാതെ
കൊട്ടപ്പായയിൽ മലർന്ന് കിടക്കവെ
ഓലക്കീറിനുള്ളിലൂടെ
ആദ്യമെന്നെ ഒറ്റ് നോക്കിയതും
പിന്നീട്‍-
ഉറ്റ് നോക്കിയതും
അമ്പിളിമാമനായിരുന്നു...!!!


നിലാവിന്റെ നീണ്ട കരങ്ങളാൽ
എന്റെ നഗ്നതകളിൽ
നിഴൽച്ചിത്രങ്ങൾ വരച്ച
ആ ത്രിസന്ധ്യയിലാണ്‌
മാളങ്ങളുടെ വിൽപ്പന സാധ്യതയെപ്പറ്റി
ഞാൻ ചിന്തിച്ചത്...!!!

എന്റെ ഭൂതകാലത്തിന്റെ
ആകാശങ്ങളിലപ്പോൾ
പറന്ന് കളിച്ച
നൂല്‌പൊട്ടിയ പട്ടങ്ങളിലൊന്നിൽ
അമ്മയുടെ മുഖം തെളിഞ്ഞുവന്നു

മുറുക്കിച്ചുവന്ന ചുണ്ടുകളും,
മഞ്ഞ് പാളിക്കപ്പുറത്ത്
ഒരു മാണിക്യം പോലെ
മൂക്കുത്തിയുടെ തിളക്കവും...

വാടിയ മുല്ലപ്പൂക്കളുടെ മണമായിരുന്നു
എനിക്കുമപ്പോൾ...!!!

അതെ ഭൂതകാലത്ത്
അച്ചൻ പൈങ്കിളിയോട്
പാട്ട് പാടുകയായിരുന്നുവെന്ന്
നീയും കേട്ടിരിക്കുമല്ലോ..???

മുഷ്ടി ചുരുട്ടിയെറിഞ്ഞ
ആകാശങ്ങളിൽ
രക്തനക്ഷ്ത്രങ്ങളെ സ്വപ്നം കണ്ടതും
അധിനിവേശത്തിന്റെ
കാലടികളെ
നെഞ്ചിൻ കൂടുകൊണ്ട്
പ്രതിരോധിച്ചതും......

ദേ, അതൊന്ന് നോക്കൂ...
മുറ്റത്ത് ഉണങ്ങാനിട്ടിരിക്കുന്ന
കയ്പ്പ കുരുക്കൾ പോലെ,
അച്ചൻ ചുമച്ച് തുപ്പിയ
ചോരത്തുള്ളികൾ...!!!


ഇന്നലെകളിലെ
ചെയ്തികളുടെ സമ്പാദ്യത്തിന്‌
വർത്തമാനങ്ങളിൽ കിട്ടുന്ന
പലിശയാണത്

പകൽ മാന്യതയുടെ
ഒടുങ്ങാത്ത ആസക്തികൾ
ഇന്നെരിഞ്ഞ് തീരുന്നത്
എന്റെ അരക്കെട്ടുകൾക്ക്
താഴെയാണ്‌...

പത്തി വിടർത്തുന്ന ആ സർപ്പങ്ങൾ
വിഷമിറ്റിക്കുന്നത് എന്റെ
തുടയിടുക്കുകൾക്കിടയിലാണ്‌...!!!

ഇന്നലെ വന്നൊരുത്തൻ
എന്റെ അടിവസ്ത്രത്തിലെ ചുകപ്പിൽ
കോൾമയിർ കൊണ്ടപ്പോഴാണ്‌
അച്ചനെയോർത്തതും,
കണ്ണീരൊപ്പിയതും...

അവന്റെ കീശയിലെ
പച്ചനോട്ടിൽ നിന്നും
ഒരാളത് കണ്ട് മോണ കാട്ടി ചിരിച്ചത്
ഞാൻ കാണാതിരുന്നു.

മന്ത്രിയോ...????
തന്ത്രിയോ...???
അതാരാണെന്ന് നീ ചോദിക്കരുത്...
ശീലപ്പെടൽ എന്നതാണ്‌
ഇന്നെന്റെ ശീലം...

നിനക്കറിയോ,
ശ്രദ്ധിക്കാതിരിക്കേണ്ടുന്ന
കാര്യങ്ങൾ
ശ്രദ്ധിക്കാതിരിക്കലാണ്‌ ശ്രദ്ധ...!!!

Monday, March 7, 2011

കാക ദൃഷ്ടി

മുതുകിൽ അസ്ത്രമേറ്റ
കുതിരയും
മുറിഞ്ഞു വീണ
കൊടിമരങ്ങളും
പരാജിതന്റെ
അടയാളങ്ങളാണ്‌

പടനിലങ്ങളിലൊഴുകുന്ന
ചുടുചോരകൾ
വിജയിയുടെ
ചുമരെഴുത്തുകൾക്കുള്ള
ചായമാണ്‌

രുധിരമണിഞ്ഞ്
പടിയിറങ്ങുന്ന
സൂര്യന്റെ പിന്നാലെ
പതുങ്ങിയെത്തുന്ന
ഇരുട്ടിനും,
ഒറ്റുകാരന്റെ
ശിരോവസ്ത്രങ്ങൾക്കും
ഒരേ ഛായയയാണ്‌

ചതിയുടെ
കക്കച്ചുവടുകൾ
തീർത്താണ്‌ കറുമ്പൻ
ശകുനിയുടെ
കുടിലതകളുടെ
തലയറുത്തത്

ആ മഹാചരിതത്തിൽ
ദാനത്തിന്റെ ശമ്പളം
മരണമായിരുന്നു

അവിടെ
വ്യഭിചാരിണിയുടെ
മക്കളായിരുന്നു
ഭാര്യയെ പങ്കിട്ടതും
ഒടുങ്ങാത്ത
ആസക്തിയുടെ അഗ്നിയുമായ്
രാവേറെ
ഊഴം കാത്തിരുന്നതും...

Wednesday, March 2, 2011

വെറുതെനിന്റെ ചുംബനത്തിന്റെ
കുളിരുള്ള നനവ്
മാഞ്ഞുപോകുമെന്ന
ഭയത്താലാണ്‌
ഞാനിന്നും മുഖം
തുടക്കാതിരിക്കുന്നത്....

ഒടുക്കത്തെ
ആലിംഗനത്തിൽ നിന്നും
നമ്മെ രണ്ടായി
മുറിച്ചുമാറ്റും മുമ്പേ
ഇടനെഞ്ച്
പൊട്ടിത്തകരുമ്പോൾ,
പൊലിയുന്ന പ്രാണന്റെ
ചിറകടിയൊച്ചകൾക്കായ്
ഞാൻ വെറുതെ
കാതോർത്തിരുന്നു....

വയ്യ....!!!!

കരയാനറിയില്ലെന്ന്
ഞാൻ പറഞ്ഞത്
വെറുതെയായിരുന്നു...!!!

അണുകുടുംബങ്ങൾ ഉണ്ടാകുന്നതിന്‌ മുമ്പ്
ഏകാന്തതയുടെ
തുരുത്തിൽ നിന്നാണ്
നിന്റെ വാതിലിൽ മുട്ടിയത്..

നിറകൺചിരിയാൽ
നീ തുറന്ന വാതിലിന്നുള്ളിലെ
പൂമുഖങ്ങളിൽ
പിന്നെയും ചിരിക്കുന്ന
മുഖങ്ങളുടെ വരവേല്പ്പ്...

അങ്ങിനെ ഞങ്ങളുണ്ടായി.

പിന്നീട് നിനക്കൊപ്പം
നിന്റെ പാട്ടിനാണ്‌
ഞങ്ങൾ താളം പിടിച്ചത്

നിന്റെ കഥകളുടെ
പൂമരച്ചോട്ടിലാണ്‌
ഞങ്ങളുറങ്ങിയത്.

ഇടനെഞ്ചിലെ
കത്തുന്ന ചൂടിനാൽ
നീ വിളമ്പിയ നേദ്യങ്ങൾ
ഞങ്ങളുടെ പശിയടക്കി.

ദാഹമകറ്റാൻ
നിന്റെ കണ്ണീരിന്റെ
ഉപ്പുരസവും....

പിന്നീട്,
നിന്റെ വരികളിലെ
വയലറ്റ് നിറങ്ങൾക്കിടയിൽ
ചിക്കിചികഞ്ഞവരാണ്‌
ആ മിഴികളിൽ ആസക്തിയുടെ
അഗ്നിയുണ്ടെന്ന് പറഞ്ഞതും,
ചുംബനങ്ങളുടെ
സീൽക്കാരങ്ങളുതിർത്തതും...

നീയവരെ
കറുത്ത തിരശ്ശീലയിൽ
മൂടി വെച്ചു.

നീ വിളമ്പിയ ബലിച്ചോറിലെ
ചേരുമ്പടികളിലെ
രസക്കുറവ് പറഞ്ഞവരെ
നീ ആട്ടിയിറക്കി....

കണ്ണീരിലെ ഉപ്പുരസത്തിലെ
കലർപ്പ് രുചിക്കാത്തവർക്ക്
മുന്നിലും നീ വാതിൽ
കൊട്ടിയടച്ചു....

സ്തുതിപാഠങ്ങളിൽ
നീ വീഴ്ത്തിയ
ചുകപ്പുമഷിയിൽ നിന്നും
എതിർപ്പിന്റെ മുള്ളുവേലികൾ
നിന്നെ വിലയം ചെയ്തു

അങ്ങിനെ
നിന്നെ നോവിച്ചവരും,
നീ വേദനിപ്പിച്ചവരും
കുടിയിറങ്ങിയപ്പോഴാണ്‌
അണുകുടുംബങ്ങളുണ്ടായത്.....

ഒറ്റ്


മുഖ പുസ്തകത്തിലെ
അകത്താളുകളില്‍
ചിരിച്ചിരിക്കുന്ന
ഒരു വേട്ടക്കാരനായിരുന്നു
ഞാന്‍...

സമൃദ്ധിയുടെയും
ഒരുമയുടേയും
സ്വപ്നങ്ങള്‍‍ക്ക്
അവസാനമില്ലാതിരുന്ന
ഒരു പാവം വേട്ടക്കാരന്‍...

ഒരു നാള്‍
പാറകള്‍‍ക്ക് മുകളില്‍ പകര്‍ന്ന
വീഞ്ഞിന്റെ ലഹരിയില്‍
ഒരു മാന്‍‍പേടയ്ക്കു നേരെ
വില്ല് കുലയ്ക്കുമ്പോഴാണ്‌
അവന്‍
ഒരു ഒറ്റുകാരന്റെ
രൂപത്തില്‍ വന്നണഞ്ഞത്‌

ഒരു നിഴല്‍‍ പോലെ...
അല്ലെങ്കില്‍‍‍--
കാറ്റിന്റെ മൂളല്‍ പോലെ...

ലഹരി പുകഞ്ഞ
ചിന്തകളിലവന്‍
വിദ്വേഷത്തിന്റെ തീ പടര്‍ത്തി
നാല്‍ക്കവലയിലെ
യാത്രയുടെ ദിശാസൂചിക
മാറ്റിവരച്ചു.

ഒടുവില്‍
കരിയിലകള്‍ പാകിയ
വഴിയിലെ
കള്ളക്കുഴികളില്‍
തള്ളി വീഴ്ത്തി

അനുകമ്പകള്‍ക്കിടമില്ലാത്ത
കാട്ടുനീതിയില്‍
മുറിവിലെ പച്ചമാംസത്തില്‍
പച്ചമണ്ണിന്റെ
എരിവ് ചേര്‍ത്തു...

ഇപ്പോള്‍
ക്ഷമാപണം എന്ന വാക്കിനെ
വ്യഭിചരിച്ച്
വഴിപോക്കരോട്
എന്നെ ചൂണ്ടി
കള്ളക്കണ്ണീരൊഴുക്കുന്നു...

ആ കണ്ണുനീരാലാണ്‌
കാട്ടു ചോലയില്‍
വിഷം കലര്‍ന്നത്....

തനിയെ

നിലാവൊത്ത
വെൺ മേഘങ്ങളുള്ള
ചിങ്ങപ്പുലരിയുടെ
സ്വപ്നങ്ങൾ
എനിക്ക് കടം തരിക...

ഇരുളൊത്ത
കാർ‍മേഘങ്ങൾ
പെയ്തൊഴിയാത്ത
കർ‍ക്കിടക രാവുകൾക്ക്
പകരമായ്

കോൺക്രീറ്റ് മരങ്ങളിലെ
കിളിക്കൂടുകളിൽ
അടയിരിക്കുന്ന എ. സി.
സമ്മാനിക്കുന്ന
അഗ്നിശലാകകൾക്ക്പകരം,
പച്ചമരത്തണലിന്റെ
കുളിരുള്ള ഓർ‍മ്മകളെങ്കിലും..!!!

ഊഷരതയിൽ നിന്നും
ഞാൻ കണ്ടിരുന്ന
ഉർ‍വ്വരതയുടെ കിനാവുകളിൽ
ചുകപ്പ് മഷി പടർ‍ന്നിരിക്കുന്നു...

സ്വപ്നങ്ങളുടെ തിരശ്ശീലയിൽ
ഇപ്പോൾ കറുപ്പ് നിറം മാത്രമാണ്‌.

കാലം ഒരു പുഴ പോലെ
ഏഴ് വർ‍ണ്ണങ്ങളാണ്‌
ഒഴുക്കി കളഞ്ഞത്...

സ്വപ്നങ്ങൾ പൂത്തുലഞ്ഞ
നിറച്ചാർ‍ത്തുകൾ പെയ്തിറങ്ങിയ
പൊന്നോണപ്പുലരികൾ.....

അവളെപ്പോലെ
കണ്ണാടി നോക്കി ഇനി
ഞാനും കരയട്ടെ....