Thursday, September 15, 2011

വെറും മൂന്നക്ഷരങ്ങള്‍...

നീ എന്തിനാണ്
എന്നെയിങ്ങനെ പകയോടെ
നോക്കുന്നത്?
പക ചുവപ്പിച്ച
നിന്റെ കണ്ണുകള്‍ക്കും
മേടച്ചൂടില്‍ കൊഴിഞ്ഞു വീണ
വാക പൂക്കള്‍ക്കും ഒരേ നിറം.

നിന്‍റെ കാഴ്ച്ചയുടെ
തെറ്റായ കോണിലൂടെ
ഒരു പൂവാലന്‍ കിളി
ചിറകടിച്ചുയര്‍ന്നപ്പോഴാണ്
എന്‍റെയുള്ളിലെ പൂക്കാലത്തിന്റെ
വര്‍ണങ്ങള്‍ കെട്ടു പോയത്.

കാട് കയറിയ വാക്കുകളുടെ
മേച്ചില്‍പ്പുറങ്ങളിലെങ്ങോ
കഴുകന്‍ കണ്ണുകള്‍
എന്‍റെ മുഖത്തൊട്ടിച്ച  
വേളയിലാണ് 
മാന്‍പേടയുടെ മിഴികള്‍ 
എനിക്ക് നഷ്ടമായതും 
മഴവില്ലിന്റെ തേരോട്ടം 
അന്യമായതും 

ഉടഞ്ഞ വളപ്പൊട്ടുകളിലെ
ഉണങ്ങാത്ത ചോരയും  
ചത്തു മലച്ച കണ്ണുകളും  
നീ കണ്ടതേയില്ല 

എന്റെ വാക്കുകള്‍ക്കും,
എഴുത്തുകള്‍ക്കും 
നീര്കുമിളയുടെ
ആയുസ്സ് മാത്രം 

ഇന്നും പരാജയപ്പെടുന്നത് 
ഞാന്‍ തന്നെയാണ്. 

പ്രണയമെന്നത് 
നിനക്കെഴുതാന്‍ മാത്രമുള്ള
വെറും മൂന്നക്ഷരങ്ങള്‍ ....

Sunday, September 11, 2011

മഴ തോര്‍ന്ന നേരം

മഴ പെയ്തൊഴിഞ്ഞ
വാനില്‍ വിരിഞ്ഞ
മഴവില്ലിനറ്റം വരെ
നമുക്ക് കണ്ണോടിച്ചിരിക്കാം .......

നിന്റെ മൂക്കിന്‍ തുമ്പില്‍
ഇറ്റുവീഴാന്‍ മടിച്ചുനിന്ന
മഴത്തുള്ളിയുടെ
കണ്ണിറുക്കിച്ചിരി
മായും മുന്നേ
ആ മിഴിയുടെ നീലിമയില്‍
ഞാന്‍ സ്വയം നഷ്ടമാകട്ടെ ...

നോക്കൂ,
മെല്ലെ വീശിയ
കാറ്റിന്റെ കുരുത്തക്കേടിൽ
മരങ്ങള്‍ക്ക് കീഴെ
പിന്നെയും മഴ പെയ്യുന്നതും,
പൂത്തുമ്പികള്‍ നിറങ്ങളായ്‌
നമുക്ക് ചുറ്റും
പാറിക്കളിക്കുന്നതും
നീ കാണുന്നില്ലേ .....

അനുസരണകേടോടെ
പാറിക്കളിക്കുന്ന
മുടിയിഴകള്‍ മാടിയൊതുക്കി
ശ്വാസം മുട്ടും വരെ
നിന്നെ ഉമ്മകള്‍ കൊണ്ട് മൂടട്ടെ ...

അതിരുകളില്ലാത്ത നീല
വാനം പോലെയാണ്
പ്രണയമെന്നു
നീ മന്ത്രിക്കവെയാണ് ,
കാല ബോധമില്ലാതെ
പാറിക്കളിക്കുന്ന
അപ്പൂപ്പന്‍ താടിയുടെ ജന്മം
ഞാന്‍ കൊതിച്ചത് ..........

മരണത്തിന്‌ മുന്നേ

അന്തിക്ക് പെയ്യുന്ന
മഴ പോലെ
അലോസരങ്ങളുടെ
മാറാപ്പുമേന്തി
ക്ഷണിക്കാത്തൊരു
വിരുന്നുകാരനായി
ഞാൻ വരില്ല...

വാകപ്പൂക്കൾ പൂത്തുലയുന്ന
നിറമുള്ള വഴികളിൽ
ചാഞ്ഞ്‌ വീഴുന്നൊരു
നിഴലായ് പോലും

അതിനാൽ
ചത്ത പകലുപേക്ഷിച്ച
നാട്ടുവെളിച്ചത്തിൽ
നീ ഒളിച്ചിരിക്കേണ്ടതില്ല

തീന്മേശയിലെ
രുചിഭേദങ്ങളിലെ
മിഴിനീരിന്റെ ഉപ്പും
അവഗണനയുടെ കയ്പ്പും
വിദ്വേഷത്തിന്റെ എരിവും
വിണ്ടുകീറിയ എന്റെ
നാവുകൾക്കന്യമാണ്‌

ഇനി ഞാൻ
സ്വപ്നങ്ങളുടെ ശവപ്പറമ്പിൽ
ചിതലെടുത്ത കരളുമായ്
മൃതിയുടെ കൈയ്യിലിരുന്ന്
നിരർത്ഥകമായൊരു
സൌഹൃദത്തിന്റെ
ചരമക്കുറിപ്പെഴുതട്ടെ

കാഴ്ച്ചകളെ മറച്ച
കണ്ണടയ്ക്ക് പിന്നിലെ
ചോര വാർന്ന കണ്ണുകൾ
നീ മാത്രമാണ്‌ കണ്ടത്

അതിനാൽ,
എന്റെ കുഴിമാടത്തിലെങ്കിലും
നീ വരണം...

അടയാത്ത മിഴികൾക്ക്
മേലെ വിതറുന്ന
വാകപ്പൂക്കളിലെ
നീഹാരകണങ്ങൾ
നീയെനിക്കായ് കരുതിയ
മിഴിനീരെന്നെങ്കിലും
ഞാൻ വെറുതെയൊന്ന്
വിശ്വസിച്ചോട്ടെ