Sunday, July 18, 2010

നിനക്കായ്

ഉറക്കം
ഇരുളിന്റെ കോണുകളില്‍
ഒളിച്ചിരിക്കുമ്പോഴാണ്‌
നിന്റെ ഓര്‍മ്മകള്‍
കൂട്ടുകൂടാന്‍ വന്നത്‌

നാല്‍ക്കവലയിലെ
നാട്ടുകൂട്ടങ്ങളിലാദ്യമായ്‌
നിന്നെ കണ്ടതും,
നീ മൌനത്തിന്റെ കുടമുടച്ചതും
കൈവെള്ളയില്‍
കയ്പുനീരിന്റെ
രുചി പകര്‍ന്നതും

പാതയോരത്ത്‌
വരച്ച നിഴല്‍ച്ചിത്രങ്ങളിലെ
പാതി മയക്കത്തിലാണ്ട
യശോധരയുടെ
ഭഗ്നസ്വപ്നങ്ങളിലെ
വര്‍ണ്ണങ്ങള്‍ പെയ്‌തൊഴിഞ്ഞതും

വേനല്‍വഴികളില്‍
പാഥേയമില്ലാതെ
കണ്ണീരുകൊണ്ട്‌ വിശപ്പടക്കിയതും

ഏകാന്തതയുടെ വിഹ്വലതകളില്‍
സ്വയമൊരുക്കിയ
സമാശ്വാസങ്ങളില്‍
സൌഹൃദത്തിന്റെ പട്ടുനൂലുകള്‍
നെയ്‌തെടുത്തതും

പാറകള്‍ക്കു മുകളില്‍
പുല്‍നാമ്പുകള്‍ കിളിര്‍ക്കുമെന്ന
മായക്കാഴ്ച്ചകളില്‍
ഋതുക്കളുടെ എണ്ണത്തെ
കൂട്ടി വായിച്ചതും

ഒടുക്കം
നിറം മങ്ങാത്ത പുഞ്ചിരി
ബാക്കിയാവുന്നതും
ഹൃദയവിശുദ്ധി വര്‍ഷിക്കുന്ന
സൌരഭ്യം എന്റെ മുറികളില്‍
നിറയുന്നതും

എല്ലാമെല്ലാം ഉറക്കത്തില്‍
അലിഞ്ഞലിഞ്ഞില്ലാതാവുന്നതും.......

Wednesday, June 2, 2010

പറയാനിരുന്നത്‌നീലക്കടലാസിലെ കറുത്ത വരിയില്‍
പൊതിഞ്ഞ സൂത്രവാക്യങ്ങളിലെ
വരികള്‍ക്കിടയില്‍ ഒളിച്ചിരുന്ന്‌
ഞാന്‍ ചോദിക്കാറുണ്ടായിരുന്നു

കൂട്ടുകാരീ...
കണ്ണീരിന്റെ ചില്ലുടഞ്ഞ
കാഴ്ച്ചകള്‍ മാത്രമാണല്ലോ..
എന്തേ, നിന്റെ പേനയില്‍
നിറയ്ക്കുന്നത്‌ കണ്ണുനീരാണോ...?

സീമന്തരേഖയിലെ മാഞ്ഞ കുങ്കുമത്തരികള്‍
നിന്റെ വസന്തത്തിന്റെ ചക്രവാളങ്ങളിലെ
അസ്തമയത്തെ കാട്ടിത്തന്നു...

നിലത്തു വീണ വാടിയ മുല്ലപ്പൂക്കള്‍
മുറിഞ്ഞുപോയ നിന്റെ പേരിന്റെ
വാല്‍ക്കഷണത്തെ ഓര്‍മ്മിപ്പിച്ചു...

പക്ഷേ അത്‌ തുന്നിചേര്‍ക്കാതിരിക്കാന്‍
വേണ്ടി മാത്രമാണ്‌ ആ മുറിവ്‌ ഉണങ്ങാതെ
സൂക്ഷിക്കുന്നതെന്ന്‌ നീ പറഞ്ഞു

കണ്ണീരിനു പകരം ചോരകൊണ്ട്‌
എഴുതുമെന്ന്‌ ഞാന്‍ ഭയപ്പെട്ടു.
നിഴലിന്റെ ഉള്ളിലാണ്‌ നീ ഒളിച്ചിരിക്കുന്നത്‌.

സമയം നിഴലിന്റെ രൂപം മായ്ക്കുമ്പോള്‍
നിന്റെ ആശ്വാസത്തിന്റെ ഉണങ്ങിയ ചില്ലയില്‍
ഇണയെ കാണാനാവാതെ
ഒരു കിളി വിലപിക്കുകയാവാം....

കൂട്ടുകാരീ....,
ഇത്‌ കര്‍മ്മപരമ്പരയുടെ
സ്നേഹരഹിതമായ കഥയാണ്‌...
ഇവിടെ അകല്‍ച്ചയും, ദുഖവും
മാത്രമെ ഉള്ളൂ......

നിനവുകള്‍

കാത്തിരിപ്പാണ് ഞാനിന്നും സഖീ നിന്റെ
ചിത്തത്തിലിന്നുമെന്നോര്‍മ്മയെന്നോതുവാന്‍...

വിരഹതീരങ്ങള്‍ക്കക്കരെയന്നു ഞാന്‍
മരതകപ്പച്ച തേടിയതെന്തിനോ....
മിഴികളില്‍ നിന്നുമാര്‍ത്തലച്ചീടുന്ന
ആഴിതന്‍രോദനമെന്നെ തളര്‍ത്തിയോ...

എഴുതുവാനുണ്ട്, നിന്‍ നൊമ്പരങ്ങളെന്‍
കഴലുകള്‍ മിഴിനീരില്‍ പൊതിഞ്ഞതും...

അകലെയേതോ വിഷുപ്പക്ഷി പാടുമ്പോള്‍
വികലമെന്‍ മനക്കൊന്നകള്‍ പൂത്തതും
വിടരുമോര്‍മ്മതന്‍ പൂത്ത ചില്ലയില്‍
അടയിരിക്കുവാന്‍ പക്ഷികള്‍ വന്നതും

പുഴയില്‍ നീല വര്‍ണ്ണങ്ങള്‍ ചാലിച്ച
പഴമയോതുന്ന വര്‍ത്തമാനങ്ങളും
മഴ നനഞ്ഞൊരാ സന്ധ്യയും നിന്നിലെ
ഹൃദയ തന്ത്രികള്‍ വിങ്ങിക്കരഞ്ഞതും...

പൊള്ളുന്ന സത്യങ്ങളലറുന്ന തത്ത്വ-
മുള്ളില്‍ വിതയ്ക്കുന്ന നോവിലമരുവാന്‍
ലഹരി പുകയുന്ന ചിന്തയില്‍ നിന്നില്‍
ഒരു നാളൊരു വിതുമ്പലായ് വന്നതും...

ശ്വേതാംബരമിരുളിലൊരു ദീപമായ്
ഉദര രോഗികള്‍ക്കമ്മയായ്‌ സ്നേഹമായ്
നീ ചിരിക്കുന്നു മിഴികളില്‍ മുത്തുമായ്
ഞാന്‍ കരയുന്നു നിനവുകള്‍ മായവേ....

നിഴലുകള്‍ കറും ചായങ്ങള്‍ മുക്കുമീ
ആതുരാലയത്തിന്‍ ഇടനാഴിയില്‍
അല്‍പ്പമാത്ര നിന്‍കണ്ണില് തെളിയാതെയീ-
കല്‍പ്പടവുകള്‍ ഞാനിന്നുമിറങ്ങട്ടെ....

സ്വപ്നാടനം

കണ്ടില്ല ഞാനിതുവരെയിന്നൊ-
രാണ്ടായിട്ടവളെയെന്‍ സഖിയെ

എവിടെയോ സ്വപ്ന പേടകത്തില്‍
കേള്‍വിയുടെ സീമകള്‍ക്കകലെ
ദൃഷ്ടിഗോചരത്തില്‍ തെളിയാത്ത
അഷ്ടദിക്കിലേതോ മരീചിയായ്

ചിരിക്കയാമവള്‍ ജിഹ്വകള-
ധരങ്ങളിലൊപ്പി ചുവപ്പിച്ച്
മിഴിയിലൂറുന്ന നീലിമയില്‍
മഴവില്ലലകള്‍ തീര്‍ക്കയാവാം...

പാദങ്ങള്‍ മുത്തും പാദസരങ്ങ-
ളോതും കിലുക്കം മൊഴികളാവാം...
അറിയാതെ മൂളും ഗീതകങ്ങള്‍
നിറയെ ഞാനെന്ന ഭാവമാവാം....

ചിറകറ്റ് വീഴും ചിന്തകളില്‍
നീലക്കുറിഞ്ഞികള്‍ പൂക്കയാവാം...
തെങ്ങോലയൂഞ്ഞാലില്‍ ചാഞ്ചാടിടും
പച്ചപ്പനംതത്ത സ്വപ്നമാവാം...

കവിളില്‍ നാണം ചുവപ്പായ് മോഹ-
മവളില്‍ നീലക്കിളികളാവാം...
ഉണങ്ങാത്ത മാറിലെ വേദന
അണയാത്ത സീല്‍ക്കാരങ്ങളാവാം...
ചായം പുരണ്ട നഖക്ഷതങ്ങള്‍
മാഞ്ഞ രജനി തന്നോര്‍മ്മയാവാം....

മറന്നില്ലയാദിനമെന്തിനായ്‌
പുറം തിരിഞ്ഞോടി നീയെന്‍സഖീ
എന്തിനായ് ചിന്തയില് നിന്നടര്‍ത്തി-
യന്ത്യമായ് നല്‍കീ നൊമ്പരപ്പൂക്കള്‍..

ദൃഷ്ടിയില്‍ നീ നിഴലായ് മാറവേ,
നഷ്ടമായെന്റെ വര്‍ണ്ണസ്വപ്നങ്ങള്‍
ശൂന്യത നിന്‍ രൂപമായ് മാറവേ,
മൂകത നിന്‍ സ്വരമായ് തീരുന്നു...

നിലാവില്‍ കറുത്ത നിഴലുകള്‍
വിരിയുന്നു നഷ്ടസ്വപ്നങ്ങളായ്...
കിനാവില്‍ നിന് മുഖമില്ലാതെയായ്,
മായുന്നു നീ, നിന്റെ നിശ്വാസങ്ങള്‍ ....