Friday, September 18, 2015

അടുപ്പിനു
തീ കൊളുത്തി
അവളങ്ങ് പോയി
പാവം അടുപ്പ്....
ആസക്തിയുടെ
അഗ്നിയെ
തിളച്ചു പൊന്തിയ
നുരകളാൽ
കെടുത്തിക്കളഞ്ഞു....

മൈനയെ കാണുമ്പോൾ

രാവിലെ മൈതാനത്തിന്റെ
ഇടം ചേർന്നാണു നടക്കുക
വലം ഭാഗത്തെ കാഴ്ചകളാണു ശുഭമെന്ന്
പണ്ട് കുചേലൻ പറഞ്ഞിരുന്നു
(കണ്ണീരിൽ കുതിർന്ന അവലുമായി
ദ്വാരകയിലേക്ക് പോയ കുചേലനും
കടൽ കടന്ന പ്രവാസികൾക്കും
ഒട്ടേറെ ഉപമകളുണ്ട്, അതിലേറെ
ഉല്പ്രേക്ഷയും, ഉൽക്കണ്ഠയും...)
എന്നാലുംഇടയ്ക്കിടെ
കൂട്ടം തെറ്റി ഒറ്റയ്ക്കൊരു മൈന
ഇടത്തോട്ടേക്ക് തെറിച്ച് പാറും
വലത്തെ യാത്ര നിഷേധിക്കുന്ന
നിരത്തുവക്കിലെ
നോ എൻട്രി ബോർഡിനു
മുകളിലിരുന്ന് മൈന
പഴയ പാഠപുസ്തകത്തിലെ
കരച്ചിലാവർത്തിക്കും...
ഒറ്റയ്ക്കൊരു മൈന കരയുമ്പോൾ
ഒറ്റയ്ക്കായ പെണ്ണിനെ ഓർമ്മ വരും
അവലും മലരും കൊടുത്തു വിട്ട
കുചേല പത്നിയുടെ ഗണിതശാസ്ത്രവും
കൃഷണന്റെ അവിൽക്കൊതിക്ക് തടയിട്ട
രുഗ്മണിയുടെ സാമ്പത്തികശാസ്ത്രവും
എന്തായാലുംമൈതാനത്തിന്റെ
വലം ചേർന്ന് നാളെ നടക്കണം
മൈന പറ്റിക്കാതിരുന്നാൽ മതി
അറേബ്യയിൽ
കാറ്റിനു ഭ്രാന്ത്
മരുക്കടലിൽ
ഉന്മാദത്തിന്റെ വേലിയേറ്റം
മണൽത്തരികളുടെ
അഴിഞ്ഞാട്ടം
അംബരചുംബികളുടെ
അന്തർദ്ധാനം
യു ട്യൂബിൽ
"ഒരു മഴ പെയ്തെങ്കി"ലെന്ന്
അനിൽ പനച്ചൂരാന്റെ
തൊണ്ട കീറൽ....

കണ്ണീർ ജില്ലയിൽ നിന്ന്

കൂലിപ്പണിക്കാരന്റെ വീട്ടിലുണ്ട്
ചെത്തുകാരന്റെ വീട്ടിലും
ചുമട്ടുകാരന്റെയും,
ഓട്ടോക്കാരന്റെയും
വീടുകളിലുമുണ്ട്
നിറം മങ്ങിയൊരു
മാലയണിഞ്ഞ്
രക്തസാക്ഷിയെന്നോ,
മുനിഞ്ഞ് കത്തുന്ന വിളക്കിനു
പിന്നിലായ്
ബലിദാനിയെന്നോ
വിളിപ്പേരുള്ള
ഊതിക്കെടുത്തിയ ജന്മങ്ങൾ...
പാർട്ടി സെക്രട്ടറിയുടെ വീട്ടിലുണ്ട്
പ്രസിഡന്റിന്റെ വീട്ടിലും
ഖജാഞ്ജിയുടേയും,
പിണിയാളിന്റെയും
വീടുകളിലുമുണ്ട്
യു എസ്സിൽ
കിന്നരി തൊപ്പിയണിഞ്ഞ്
ഡോക്ടറെന്നോ
യു കെയിൽ
വിരലുകളുയർത്തി നിന്ന്
ശാസ്ത്രജ്ഞനെന്നോ
വിളിക്കപ്പെടാവുന്ന
ഊതി വീർപ്പിച്ച ജനുസ്സുകൾ...
-------------------------------------------------
ഉറ്റവരായി വീട്ടിലൊരു
രക്തസാക്ഷിയോ
ഉടയവരായി കുടുംബത്തിലൊരു
ബലിദാനിയോ
ഇല്ലാത്ത പാവങ്ങളാണു
നമ്മുടെ നേതാക്കൾ...!!!
തളരാത്ത യൗവ്വനമാണു തിര
എത്ര ചുംബിച്ചാലും കൊതിതീരാത്ത 
പ്രണയാവേശം... 💚 💛 💜
ഒടുങ്ങാത്ത മോഹമാണു തീരം
എത്ര കുടിച്ചാലുംവറ്റിത്തീരാത്ത
പ്രണയദാഹം....💚 💛 💜

പ്രണയത്തിന്റെ കടലാഴങ്ങൾ

ആരും കണ്ടുകെട്ടാത്ത
കടലിന്റെ ആഴമാണു
പ്രണയത്തിന്റെ അളവ് കോൽ
നമുക്ക് ഒരാകാശമേയുള്ളൂ,
നക്ഷത്രങ്ങളെ
ഊതി കെടുത്തിയ സൂര്യനും
പകലിനെ പേടിയുള്ള ചന്ദ്രനും
വെയിൽ കുടഞ്ഞിട്ട
തൂവലുകളാണ്
നമ്മുടെ നിഴലുകൾ
മേഘങ്ങൾ സൂര്യന്റെ
കണ്ണുപൊത്തി കളിക്കുമ്പോൾ
നമുക്കിനി ഒറ്റനിഴലാകണം
വിരലുകളിൽ വിരൽ കോർത്ത്
ചുണ്ടുകളിൽ ചുണ്ടുകൾ ചേർത്ത്
കടലാഴങ്ങളുടെ കുളിരു തേടണം...
"വാടാ കണ്ണാ..."
എന്നു മന്ത്രിച്ച
നിന്റെ പ്രണയാർദ്രമായ
ചുണ്ടുകൾ
എത്ര പെട്ടെന്നാണു
"പോടാ കള്ളാ..."
എന്ന് വിറ കൊണ്ടത്....