Friday, September 18, 2015

കവിതയുടെ കണ്ടെത്തൽ

ആരാണു ഞാൻ
എന്ന ഉത്തരം തേടി
ഒരു ചോദ്യം പുറപ്പെട്ടിട്ടുണ്ട്
കരയിലെ മീനിനെ പോലെ
നിന്നിലത് ശ്വാസം കിട്ടാതെ
പിടയ്ക്കും
തീൻ മേശയിൽ
വെന്തു കിടക്കുമ്പോഴും
അടയാത്ത കണ്ണിലൊരു നോട്ടം
അത് കെടാതെ സൂക്ഷിക്കും
നീയപ്പോൾ പതുക്കെ
പള്ളിക്കൂടത്തിലെ കുട്ടിയിലേക്ക്
വഴുതിയിറങ്ങും....
ഓരോ വളവിലും,
തിരിവിലും
സംശയമൊടുങ്ങാതെ
തിരിഞ്ഞു നോക്കും
കൂട്ടിയും കുറച്ചും
കണക്കുകളെല്ലാം തെറ്റുമ്പോൾ
ഡാ...
ആരാണു നീ
എന്ന മറു ചോദ്യത്തിലൂടെ
നീയെന്നെ കടന്നാക്രമിക്കും
പൊട്ടിപോയ കണ്ണാടി
തിരയാൻ എനിക്കിടം നൽകാതെ
നീ വീണ്ടും കുറുകും
പറയെടാ, ആരാ നീ...
ഒറ്റയ്ക്കായൊരു
പന്ത് കളിക്കാരനെ പോലെ
ഞാനപ്പോൾ
പേരു പതിക്കാത്തൊരു
ജേഴ്സിയണിഞ്ഞ്
തലങ്ങും വിലങ്ങും
കിതച്ചോടും
ആളില്ലാ പോസ്റ്റുകളിൽ
ഗോളടിക്കുമ്പോൾ
ഗ്യാലറിയിൽ നിന്നൊരു
റെഡ് കാർഡുമായി
മൈതാനത്തേക്ക്
നീ അടർന്ന് വീഴും
കൈകൾ ഉയർത്തി
എന്നിലേക്ക് ഓടി വരുമ്പോൾ
നിന്റെ മാറിടങ്ങൾ
നില മറന്ന് തുള്ളിച്ചാടും
അപ്പോൾ
നിന്റെ കണ്ണുകളിൽ
ഞാനെന്നെ കണ്ടെത്തും
എന്റെ കണ്ണുകളിൽ
നീയെന്നെയും
വായിച്ചെടുക്കും
ഒറ്റ നിഴലായിരിക്കും
നമുക്കപ്പോൾ.....

No comments:

Post a Comment