Friday, September 18, 2015

മഴയുടെ കൊളാഷ്

മരുഭൂമിയിലെവിടെയോ
കണ്ണു കാണാൻ വയ്യാതെ
ഒരു രാത്രിമഴ.
വഴിയറിയാതെ അലയുന്ന
കാറ്റിന്റെ കൈ പിടിച്ച്
ഇളകിയാടുന്ന ഗാഫ്.
കോർണീഷിൽ
മഴയുടെ ചിത്രപ്പണികൾക്കിടയിൽ
ഉലയുന്ന ഒരു ബോട്ട്,
പിൻ സീറ്റിലിരുന്ന്
ഡ്രൈവ് ചെയ്യുന്ന ബംഗാളികൾ.
കെ എഫ് സിയിൽ
ഫിലിപ്പൈൻ മുയൽക്കൂട്ടം
ഇരിപ്പിടത്തിൽ കൂനിയിരുന്ന്
പാക്കിസ്ഥാനിയുടെ
ഒളിഞ്ഞുനോട്ടം.
വർണ്ണങ്ങൾ കോരിയൊഴിച്ച്
ആഫ്രിക്കൻ പെണ്ണുടൽ
അത്തറിന്‍റെ മണവുമായ്
കഴുകൻ കണ്ണുകൾ.
ബുർക്കയിടാതെ
സിഗാറിന്‍റെ പുകക്കുഴലുമായ്
വെളുത്ത അറബിച്ചികൾ,
മലയാളത്തിൽ കരയുന്ന
റോളയിലെ കാക്കകൾ.
പെണ്ണേ,
തണുത്ത കാറ്റ്
എത്ര പണിപ്പെട്ടിട്ടും
ഊതിക്കെടുത്താനാകാത്ത
ഒരു തീയാളുന്നുണ്ട്
എന്റെ കണ്ണിൽ!!

No comments:

Post a Comment