ആരുമറിഞ്ഞിരുന്നില്ല
കൃഷ്ണൻ കുട്ടി
പാറുക്കുട്ടിയെ
ഉമ്മ വെച്ച കാര്യം
പത്താംതരം എ യിലെ
മുൻബെഞ്ചിലിരിക്കുന്ന
പാറുക്കുട്ടി
പിൻ ബെഞ്ചിലിരിക്കുന്ന
കൃഷ്ണൻ കുട്ടിയുടെ
ഉമ്മകളേറ്റുവാങ്ങിയതും
ആരുമറിഞ്ഞില്ല
സീരിയലുകൾ
നാമം ചൊല്ലുന്ന ത്രിസന്ധ്യയിൽ
ഇളം മേനികളിൽ
തീ പടർന്നതും ആരും കണ്ടില്ല
കണക്ക് ക്ലാസ്സിൽ
ആറു വിരലുള്ള
ഗോപിമാഷ് വരച്ച വൃത്തത്തിന്റെ
വ്യാസം കാണാനാവാതെ ഒരു ദിനം
പാറുക്കുട്ടി തലകറങ്ങി വീണു
കറങ്ങാൻ മടിച്ചു നിൽക്കുന്ന
സർക്കാരാശുപത്രിയിലെ
ഫാനിന്റെ കീഴെയിരുന്ന് ലൂസി സിസ്റ്റർ
നാണി ടീച്ചറുടെ ചെവിയിലേക്ക്
ഉഷ്ണക്കാറ്റൂതി
അസ്തമയത്തിനു മുന്നെ
കൂടണയാതിരുന്ന
ഇണപ്രാവിന്റെ കുറുകൽ ഓർത്തെടുത്ത്
കൃഷ്ണൻ കുട്ടിയൊത്ത്
ആകാശത്ത് പറന്നുനടന്നത്
പാറുക്കുട്ടി ചൊല്ലിക്കേൾപ്പിച്ചു
സ്റ്റാഫ് റൂമിൽ
കുന്തിയാകാനറിയാത്ത
പെണ്ണിന്റെ കഥ
ഉപമയും ഉല്പ്രേക്ഷയും ചാലിച്ച്
മലയാളം മാഷ് കവിത ചൊല്ലി
പിടിഎ യോഗത്തിൽ
മുള്ള് ഇലയിൽ വീണതിന്റേയും
ഇല മുള്ളിൽ വീണതിന്റേയും
ചവച്ചരച്ച കഥ പറഞ്ഞ്
ഹെഡ് മാസ്റ്റർക്കൊപ്പം
രക്ഷാകർത്താക്കൾ ഇളകിച്ചിരിച്ചു
അകത്തേക്കുള്ള വാതിലിലൂടെ
തലയുയർത്തി കൃഷ്ണൻ കുട്ടി നടന്നു,
പുറത്തേക്കുള്ള വാതിലിലൂടെ
തലകുനിച്ച് പാറുക്കുട്ടിയും.....
പിറ്റേന്ന്
ഒടിഞ്ഞ ചോക്കുകൾ
ഒഴിഞ്ഞ പാറുക്കുട്ടിയുടെ
ഡസ്ക്കിൽ വെച്ച്
ബയോളജി ടീച്ചർ പിറുപിറുത്തു
"വൃത്തികെട്ടവൾ..."
പിന്നിലിരുന്ന് തെറ്റെഴുതിക്കൂട്ടിയ
കൃഷ്ണൻ കുട്ടിയുടെ
നോട്ടെഴുത്തുകൾ നോക്കി
സാമൂഹ്യം ടീച്ചർ പിറുപിറുത്തു
"അമ്പട കേമാ...."