കാത്തിരിപ്പാണ് ഞാനിന്നും സഖീ നിന്റെ
ചിത്തത്തിലിന്നുമെന്നോര്‍മ്മയെന്നോതുവാന്‍...
വിരഹതീരങ്ങള്‍ക്കക്കരെയന്നു ഞാന്‍
മരതകപ്പച്ച തേടിയതെന്തിനോ....
മിഴികളില്‍ നിന്നുമാര്‍ത്തലച്ചീടുന്ന
ആഴിതന്‍രോദനമെന്നെ തളര്‍ത്തിയോ...
എഴുതുവാനുണ്ട്, നിന്‍ നൊമ്പരങ്ങളെന്‍
കഴലുകള്‍ മിഴിനീരില്‍ പൊതിഞ്ഞതും...
അകലെയേതോ വിഷുപ്പക്ഷി പാടുമ്പോള്‍
വികലമെന്‍ മനക്കൊന്നകള്‍ പൂത്തതും
വിടരുമോര്‍മ്മതന്‍ പൂത്ത ചില്ലയില്‍
അടയിരിക്കുവാന്‍ പക്ഷികള്‍ വന്നതും
പുഴയില്‍ നീല വര്‍ണ്ണങ്ങള്‍ ചാലിച്ച
പഴമയോതുന്ന വര്‍ത്തമാനങ്ങളും
മഴ നനഞ്ഞൊരാ സന്ധ്യയും നിന്നിലെ
ഹൃദയ തന്ത്രികള്‍ വിങ്ങിക്കരഞ്ഞതും...
പൊള്ളുന്ന സത്യങ്ങളലറുന്ന തത്ത്വ-
മുള്ളില്‍ വിതയ്ക്കുന്ന നോവിലമരുവാന്‍
ലഹരി പുകയുന്ന ചിന്തയില്‍ നിന്നില്‍
ഒരു നാളൊരു വിതുമ്പലായ് വന്നതും...
ശ്വേതാംബരമിരുളിലൊരു ദീപമായ്
ഉദര രോഗികള്‍ക്കമ്മയായ് സ്നേഹമായ്
നീ ചിരിക്കുന്നു മിഴികളില്‍ മുത്തുമായ്
ഞാന്‍ കരയുന്നു നിനവുകള്‍ മായവേ....
നിഴലുകള്‍ കറും ചായങ്ങള്‍ മുക്കുമീ
ആതുരാലയത്തിന്‍ ഇടനാഴിയില്‍
അല്‍പ്പമാത്ര നിന്‍കണ്ണില് തെളിയാതെയീ-
കല്‍പ്പടവുകള്‍ ഞാനിന്നുമിറങ്ങട്ടെ....
No comments:
Post a Comment