Wednesday, June 2, 2010

സ്വപ്നാടനം

കണ്ടില്ല ഞാനിതുവരെയിന്നൊ-
രാണ്ടായിട്ടവളെയെന്‍ സഖിയെ

എവിടെയോ സ്വപ്ന പേടകത്തില്‍
കേള്‍വിയുടെ സീമകള്‍ക്കകലെ
ദൃഷ്ടിഗോചരത്തില്‍ തെളിയാത്ത
അഷ്ടദിക്കിലേതോ മരീചിയായ്

ചിരിക്കയാമവള്‍ ജിഹ്വകള-
ധരങ്ങളിലൊപ്പി ചുവപ്പിച്ച്
മിഴിയിലൂറുന്ന നീലിമയില്‍
മഴവില്ലലകള്‍ തീര്‍ക്കയാവാം...

പാദങ്ങള്‍ മുത്തും പാദസരങ്ങ-
ളോതും കിലുക്കം മൊഴികളാവാം...
അറിയാതെ മൂളും ഗീതകങ്ങള്‍
നിറയെ ഞാനെന്ന ഭാവമാവാം....

ചിറകറ്റ് വീഴും ചിന്തകളില്‍
നീലക്കുറിഞ്ഞികള്‍ പൂക്കയാവാം...
തെങ്ങോലയൂഞ്ഞാലില്‍ ചാഞ്ചാടിടും
പച്ചപ്പനംതത്ത സ്വപ്നമാവാം...

കവിളില്‍ നാണം ചുവപ്പായ് മോഹ-
മവളില്‍ നീലക്കിളികളാവാം...
ഉണങ്ങാത്ത മാറിലെ വേദന
അണയാത്ത സീല്‍ക്കാരങ്ങളാവാം...
ചായം പുരണ്ട നഖക്ഷതങ്ങള്‍
മാഞ്ഞ രജനി തന്നോര്‍മ്മയാവാം....

മറന്നില്ലയാദിനമെന്തിനായ്‌
പുറം തിരിഞ്ഞോടി നീയെന്‍സഖീ
എന്തിനായ് ചിന്തയില് നിന്നടര്‍ത്തി-
യന്ത്യമായ് നല്‍കീ നൊമ്പരപ്പൂക്കള്‍..

ദൃഷ്ടിയില്‍ നീ നിഴലായ് മാറവേ,
നഷ്ടമായെന്റെ വര്‍ണ്ണസ്വപ്നങ്ങള്‍
ശൂന്യത നിന്‍ രൂപമായ് മാറവേ,
മൂകത നിന്‍ സ്വരമായ് തീരുന്നു...

നിലാവില്‍ കറുത്ത നിഴലുകള്‍
വിരിയുന്നു നഷ്ടസ്വപ്നങ്ങളായ്...
കിനാവില്‍ നിന് മുഖമില്ലാതെയായ്,
മായുന്നു നീ, നിന്റെ നിശ്വാസങ്ങള്‍ ....

No comments:

Post a Comment