Sunday, September 11, 2011

മഴ തോര്‍ന്ന നേരം

മഴ പെയ്തൊഴിഞ്ഞ
വാനില്‍ വിരിഞ്ഞ
മഴവില്ലിനറ്റം വരെ
നമുക്ക് കണ്ണോടിച്ചിരിക്കാം .......

നിന്റെ മൂക്കിന്‍ തുമ്പില്‍
ഇറ്റുവീഴാന്‍ മടിച്ചുനിന്ന
മഴത്തുള്ളിയുടെ
കണ്ണിറുക്കിച്ചിരി
മായും മുന്നേ
ആ മിഴിയുടെ നീലിമയില്‍
ഞാന്‍ സ്വയം നഷ്ടമാകട്ടെ ...

നോക്കൂ,
മെല്ലെ വീശിയ
കാറ്റിന്റെ കുരുത്തക്കേടിൽ
മരങ്ങള്‍ക്ക് കീഴെ
പിന്നെയും മഴ പെയ്യുന്നതും,
പൂത്തുമ്പികള്‍ നിറങ്ങളായ്‌
നമുക്ക് ചുറ്റും
പാറിക്കളിക്കുന്നതും
നീ കാണുന്നില്ലേ .....

അനുസരണകേടോടെ
പാറിക്കളിക്കുന്ന
മുടിയിഴകള്‍ മാടിയൊതുക്കി
ശ്വാസം മുട്ടും വരെ
നിന്നെ ഉമ്മകള്‍ കൊണ്ട് മൂടട്ടെ ...

അതിരുകളില്ലാത്ത നീല
വാനം പോലെയാണ്
പ്രണയമെന്നു
നീ മന്ത്രിക്കവെയാണ് ,
കാല ബോധമില്ലാതെ
പാറിക്കളിക്കുന്ന
അപ്പൂപ്പന്‍ താടിയുടെ ജന്മം
ഞാന്‍ കൊതിച്ചത് ..........

2 comments:

  1. ഈ വരികള്‍ വായിച്ചപ്പോള്‍ എനിക്ക് അത്ഭുതം തോന്നി ...മുന്‍പ് എപ്പോളോ എന്റെ മനസ്സില്‍ കൂടി കടന്നു പോയ വാക്കുകള്‍ ...അതൊന്നു താങ്കളുമായി പങ്കുവയ്ക്കണം എന്ന് തോന്നി ...

    മഴയ്ക്ക് ശേഷം

    മഴ പെയ്തു തോര്‍ന്നയീ മണ്ണിന്‍റെ ചൂരേറ്റു

    പതിയെ നടക്കണം ഏറെ നേരം

    പൊട്ടിച്ചെറിയണം പരിഷ്ക്കാര പാദുകം

    അമര്‍ത്തി ചവുട്ടണം ഈ നനുത്ത മണ്ണില്‍

    ഇമ പൂട്ടി നിന്നിട്ടു യിരിലേക്കേറ്റണം

    "ഞാനുമീ മണ്ണിന്‍റെ രൂപമാറ്റം "


    ജലഭാരമേറി കുനിഞ്ഞൊരാ മരച്ചോട്ടില്‍

    മരപ്പെയ്തിനായിനി കാത്തുനില്‍ക്കാം

    കുളിരേറ്റിഎത്തുന്ന കാറ്റിന്‍റെ വികൃതിയില്‍

    മനസുമെന്‍ ആത്മാവും തുറന്നു വയ്ക്കാം

    ചേമ്പില താളില്‍ മിന്നി ക്കളിക്കുന്ന

    ചെറു തുള്ളി വെള്ളത്തെ കൈയിലേല്ക്കാം

    ജീവിതോഷ്ണത്തിന്‍ ചൂളയിലുരുകുന്ന

    മനസിലേക്കായിട്ടു പകര്‍ന്നു നല്‍കാം
    --
    SangeethaSumith

    ReplyDelete