Sunday, September 11, 2011

മരണത്തിന്‌ മുന്നേ

അന്തിക്ക് പെയ്യുന്ന
മഴ പോലെ
അലോസരങ്ങളുടെ
മാറാപ്പുമേന്തി
ക്ഷണിക്കാത്തൊരു
വിരുന്നുകാരനായി
ഞാൻ വരില്ല...

വാകപ്പൂക്കൾ പൂത്തുലയുന്ന
നിറമുള്ള വഴികളിൽ
ചാഞ്ഞ്‌ വീഴുന്നൊരു
നിഴലായ് പോലും

അതിനാൽ
ചത്ത പകലുപേക്ഷിച്ച
നാട്ടുവെളിച്ചത്തിൽ
നീ ഒളിച്ചിരിക്കേണ്ടതില്ല

തീന്മേശയിലെ
രുചിഭേദങ്ങളിലെ
മിഴിനീരിന്റെ ഉപ്പും
അവഗണനയുടെ കയ്പ്പും
വിദ്വേഷത്തിന്റെ എരിവും
വിണ്ടുകീറിയ എന്റെ
നാവുകൾക്കന്യമാണ്‌

ഇനി ഞാൻ
സ്വപ്നങ്ങളുടെ ശവപ്പറമ്പിൽ
ചിതലെടുത്ത കരളുമായ്
മൃതിയുടെ കൈയ്യിലിരുന്ന്
നിരർത്ഥകമായൊരു
സൌഹൃദത്തിന്റെ
ചരമക്കുറിപ്പെഴുതട്ടെ

കാഴ്ച്ചകളെ മറച്ച
കണ്ണടയ്ക്ക് പിന്നിലെ
ചോര വാർന്ന കണ്ണുകൾ
നീ മാത്രമാണ്‌ കണ്ടത്

അതിനാൽ,
എന്റെ കുഴിമാടത്തിലെങ്കിലും
നീ വരണം...

അടയാത്ത മിഴികൾക്ക്
മേലെ വിതറുന്ന
വാകപ്പൂക്കളിലെ
നീഹാരകണങ്ങൾ
നീയെനിക്കായ് കരുതിയ
മിഴിനീരെന്നെങ്കിലും
ഞാൻ വെറുതെയൊന്ന്
വിശ്വസിച്ചോട്ടെ

1 comment:

  1. വന്നാല്ലും വന്നില്ലെങ്കില്ലും കാത്തിരിക്കും ...? എന്നുപറയുമായിരിക്കും...
    ആശംസകള്‍....

    ReplyDelete