Sunday, July 18, 2010

നിനക്കായ്

















ഉറക്കം
ഇരുളിന്റെ കോണുകളില്‍
ഒളിച്ചിരിക്കുമ്പോഴാണ്‌
നിന്റെ ഓര്‍മ്മകള്‍
കൂട്ടുകൂടാന്‍ വന്നത്‌

നാല്‍ക്കവലയിലെ
നാട്ടുകൂട്ടങ്ങളിലാദ്യമായ്‌
നിന്നെ കണ്ടതും,
നീ മൌനത്തിന്റെ കുടമുടച്ചതും
കൈവെള്ളയില്‍
കയ്പുനീരിന്റെ
രുചി പകര്‍ന്നതും

പാതയോരത്ത്‌
വരച്ച നിഴല്‍ച്ചിത്രങ്ങളിലെ
പാതി മയക്കത്തിലാണ്ട
യശോധരയുടെ
ഭഗ്നസ്വപ്നങ്ങളിലെ
വര്‍ണ്ണങ്ങള്‍ പെയ്‌തൊഴിഞ്ഞതും

വേനല്‍വഴികളില്‍
പാഥേയമില്ലാതെ
കണ്ണീരുകൊണ്ട്‌ വിശപ്പടക്കിയതും

ഏകാന്തതയുടെ വിഹ്വലതകളില്‍
സ്വയമൊരുക്കിയ
സമാശ്വാസങ്ങളില്‍
സൌഹൃദത്തിന്റെ പട്ടുനൂലുകള്‍
നെയ്‌തെടുത്തതും

പാറകള്‍ക്കു മുകളില്‍
പുല്‍നാമ്പുകള്‍ കിളിര്‍ക്കുമെന്ന
മായക്കാഴ്ച്ചകളില്‍
ഋതുക്കളുടെ എണ്ണത്തെ
കൂട്ടി വായിച്ചതും

ഒടുക്കം
നിറം മങ്ങാത്ത പുഞ്ചിരി
ബാക്കിയാവുന്നതും
ഹൃദയവിശുദ്ധി വര്‍ഷിക്കുന്ന
സൌരഭ്യം എന്റെ മുറികളില്‍
നിറയുന്നതും

എല്ലാമെല്ലാം ഉറക്കത്തില്‍
അലിഞ്ഞലിഞ്ഞില്ലാതാവുന്നതും.......

No comments:

Post a Comment