Wednesday, March 2, 2011

അണുകുടുംബങ്ങൾ ഉണ്ടാകുന്നതിന്‌ മുമ്പ്




















ഏകാന്തതയുടെ
തുരുത്തിൽ നിന്നാണ്
നിന്റെ വാതിലിൽ മുട്ടിയത്..

നിറകൺചിരിയാൽ
നീ തുറന്ന വാതിലിന്നുള്ളിലെ
പൂമുഖങ്ങളിൽ
പിന്നെയും ചിരിക്കുന്ന
മുഖങ്ങളുടെ വരവേല്പ്പ്...

അങ്ങിനെ ഞങ്ങളുണ്ടായി.

പിന്നീട് നിനക്കൊപ്പം
നിന്റെ പാട്ടിനാണ്‌
ഞങ്ങൾ താളം പിടിച്ചത്

നിന്റെ കഥകളുടെ
പൂമരച്ചോട്ടിലാണ്‌
ഞങ്ങളുറങ്ങിയത്.

ഇടനെഞ്ചിലെ
കത്തുന്ന ചൂടിനാൽ
നീ വിളമ്പിയ നേദ്യങ്ങൾ
ഞങ്ങളുടെ പശിയടക്കി.

ദാഹമകറ്റാൻ
നിന്റെ കണ്ണീരിന്റെ
ഉപ്പുരസവും....

പിന്നീട്,
നിന്റെ വരികളിലെ
വയലറ്റ് നിറങ്ങൾക്കിടയിൽ
ചിക്കിചികഞ്ഞവരാണ്‌
ആ മിഴികളിൽ ആസക്തിയുടെ
അഗ്നിയുണ്ടെന്ന് പറഞ്ഞതും,
ചുംബനങ്ങളുടെ
സീൽക്കാരങ്ങളുതിർത്തതും...

നീയവരെ
കറുത്ത തിരശ്ശീലയിൽ
മൂടി വെച്ചു.

നീ വിളമ്പിയ ബലിച്ചോറിലെ
ചേരുമ്പടികളിലെ
രസക്കുറവ് പറഞ്ഞവരെ
നീ ആട്ടിയിറക്കി....

കണ്ണീരിലെ ഉപ്പുരസത്തിലെ
കലർപ്പ് രുചിക്കാത്തവർക്ക്
മുന്നിലും നീ വാതിൽ
കൊട്ടിയടച്ചു....

സ്തുതിപാഠങ്ങളിൽ
നീ വീഴ്ത്തിയ
ചുകപ്പുമഷിയിൽ നിന്നും
എതിർപ്പിന്റെ മുള്ളുവേലികൾ
നിന്നെ വിലയം ചെയ്തു

അങ്ങിനെ
നിന്നെ നോവിച്ചവരും,
നീ വേദനിപ്പിച്ചവരും
കുടിയിറങ്ങിയപ്പോഴാണ്‌
അണുകുടുംബങ്ങളുണ്ടായത്.....

No comments:

Post a Comment