Monday, March 7, 2011

കാക ദൃഷ്ടി













മുതുകിൽ അസ്ത്രമേറ്റ
കുതിരയും
മുറിഞ്ഞു വീണ
കൊടിമരങ്ങളും
പരാജിതന്റെ
അടയാളങ്ങളാണ്‌

പടനിലങ്ങളിലൊഴുകുന്ന
ചുടുചോരകൾ
വിജയിയുടെ
ചുമരെഴുത്തുകൾക്കുള്ള
ചായമാണ്‌

രുധിരമണിഞ്ഞ്
പടിയിറങ്ങുന്ന
സൂര്യന്റെ പിന്നാലെ
പതുങ്ങിയെത്തുന്ന
ഇരുട്ടിനും,
ഒറ്റുകാരന്റെ
ശിരോവസ്ത്രങ്ങൾക്കും
ഒരേ ഛായയയാണ്‌

ചതിയുടെ
കക്കച്ചുവടുകൾ
തീർത്താണ്‌ കറുമ്പൻ
ശകുനിയുടെ
കുടിലതകളുടെ
തലയറുത്തത്

ആ മഹാചരിതത്തിൽ
ദാനത്തിന്റെ ശമ്പളം
മരണമായിരുന്നു

അവിടെ
വ്യഭിചാരിണിയുടെ
മക്കളായിരുന്നു
ഭാര്യയെ പങ്കിട്ടതും
ഒടുങ്ങാത്ത
ആസക്തിയുടെ അഗ്നിയുമായ്
രാവേറെ
ഊഴം കാത്തിരുന്നതും...

No comments:

Post a Comment