Friday, September 18, 2015

കപ്പിത്താനിൽ നിന്ന്

ചരിത്രം എഴുതിത്തുടങ്ങിയത്
നാവികരിൽ നിന്നായിരുന്നു
പണ്ട് പരന്ന് കിടന്നിരുന്ന ഭൂമിയെ
പന്ത് പോലെ ഉരുട്ടിയെടുത്തത്
അവരായിരുന്നു
പ്രണയാഗ്നിയിൽ
മഞ്ഞുമലകളുരുകുമെന്ന്
പകൽക്കിനാവു കണ്ട
എഡ്വേർഡ് സ്മിത്തിന്റെ പൂർവ്വികർ
തുരുമ്പെടുത്ത
കടൽ പാലത്തിനു മുകളിലിരുന്ന്
തിരകളെണ്ണുന്ന പെണ്ണിനോട്
ഭൂമിയുടെ കണ്ണീരാണു കടലെന്ന്
അവൻ നുണ പറയും
വിരഹത്തിന്റെ കയ്പ്പുനീരിൽ
തിളച്ചുമറിഞ്ഞ
അവരുടെ പ്രണയിനികളുടെ
കണ്ണുകളിലായിരുന്നു
ഭൂമിയിലെ ആദ്യത്തെ പ്രളയം
രേഖപ്പെടുത്തിയത്
വേനലിലും വരണ്ടുണങ്ങാത്ത
അവരുടെ കിടപ്പറകളിലാണു
സ്വവർഗ രതിയുടെ
കടിഞ്ഞൂൽ പേറ്റുനോവുണ്ടായത്
അവരിലേക്ക് പറന്നിറങ്ങാൻ
വർത്തമാനത്തിലെ വൈമാനികർക്ക്
ഇനിയുമെത്രയോ ദൂരമുണ്ട്...

പ്രണയപത്രം

നീയാണു ശരി
ഉപാധികളില്ലാത്ത പ്രണയം
നമുക്കിടയിൽ
മണ്ണിനടിയിലുറങ്ങുന്ന
മുളയ്ക്കാത്ത വിത്തുപോലെ
കാലം അടയാളപ്പെടുത്താത്ത
കവിയെ പോലെ
ഒരിക്കലും പിറക്കാത്ത
കവിത പോലെ
അതിരില്ലാ വാനം
കിനാക്കൂട്ടിനെത്തുന്ന
ചിറകെടുത്ത കിളികളെ പോലെ
സ്നേഹത്തിലാണു
ദുഖത്തിന്റെ വിത്തുകൾ
മുളക്കുന്നതെന്ന
നിന്റെ കണ്ടെത്തലാണു ശരി
അതിനാൽ
ഉപാധികൾ അതിരിട്ട
പ്രണയത്തിന്റെ ഉടമ്പടികളിൽ
നമുക്ക് ഒപ്പ് വെയ്ക്കാം.

ചില വേളകളിൽ

ഇഷ്ടമാണോ
എന്ന ചോദ്യം
ഒരു തരത്തിൽ
കടന്നാക്രമണമാണു
ഇഷ്ടമാണു
എന്ന മറുകുറി
തന്ത്രപരമായ
ചെറുത്തു നിൽപ്പും
ഇഷ്ടമല്ലെന്ന
പോരിനെക്കാൾ
തീർത്തും ഭദ്രം

കാമമോഹിതം

പ്രണയമില്ലാത്ത
കമിതാക്കൾ
ഭാഗ്യവാന്മാരാണ്
സൂര്യകാന്തിപൂവായ്
വിടർന്ന് ചിരിച്ച്
വെയിലിന്റെ
കുപ്പായമൂരി വെച്ച്
കാത്തിരിക്കുന്ന
കാമുകി
കരിവണ്ടായ്
ആസക്തിയുടെ
തീ പിടിച്ച ചിറകുമായി
അവൾക്കരികിലേക്ക്
പറന്നിറങ്ങുന്ന
കാമുകൻ
സ്വപ്ന വ്യാപാരിയുടെ
വിറ്റു കണക്കിലും
മാസ വ്യാപരിയുടെ
പറ്റു കണക്കിലും
മിച്ചം വരുന്നത്
കടപ്പാടുകളില്ലാത്ത അവരുടെ
വർത്തമാനങ്ങൾ മാത്രം...

കവിതയുടെ കണ്ടെത്തൽ

ആരാണു ഞാൻ
എന്ന ഉത്തരം തേടി
ഒരു ചോദ്യം പുറപ്പെട്ടിട്ടുണ്ട്
കരയിലെ മീനിനെ പോലെ
നിന്നിലത് ശ്വാസം കിട്ടാതെ
പിടയ്ക്കും
തീൻ മേശയിൽ
വെന്തു കിടക്കുമ്പോഴും
അടയാത്ത കണ്ണിലൊരു നോട്ടം
അത് കെടാതെ സൂക്ഷിക്കും
നീയപ്പോൾ പതുക്കെ
പള്ളിക്കൂടത്തിലെ കുട്ടിയിലേക്ക്
വഴുതിയിറങ്ങും....
ഓരോ വളവിലും,
തിരിവിലും
സംശയമൊടുങ്ങാതെ
തിരിഞ്ഞു നോക്കും
കൂട്ടിയും കുറച്ചും
കണക്കുകളെല്ലാം തെറ്റുമ്പോൾ
ഡാ...
ആരാണു നീ
എന്ന മറു ചോദ്യത്തിലൂടെ
നീയെന്നെ കടന്നാക്രമിക്കും
പൊട്ടിപോയ കണ്ണാടി
തിരയാൻ എനിക്കിടം നൽകാതെ
നീ വീണ്ടും കുറുകും
പറയെടാ, ആരാ നീ...
ഒറ്റയ്ക്കായൊരു
പന്ത് കളിക്കാരനെ പോലെ
ഞാനപ്പോൾ
പേരു പതിക്കാത്തൊരു
ജേഴ്സിയണിഞ്ഞ്
തലങ്ങും വിലങ്ങും
കിതച്ചോടും
ആളില്ലാ പോസ്റ്റുകളിൽ
ഗോളടിക്കുമ്പോൾ
ഗ്യാലറിയിൽ നിന്നൊരു
റെഡ് കാർഡുമായി
മൈതാനത്തേക്ക്
നീ അടർന്ന് വീഴും
കൈകൾ ഉയർത്തി
എന്നിലേക്ക് ഓടി വരുമ്പോൾ
നിന്റെ മാറിടങ്ങൾ
നില മറന്ന് തുള്ളിച്ചാടും
അപ്പോൾ
നിന്റെ കണ്ണുകളിൽ
ഞാനെന്നെ കണ്ടെത്തും
എന്റെ കണ്ണുകളിൽ
നീയെന്നെയും
വായിച്ചെടുക്കും
ഒറ്റ നിഴലായിരിക്കും
നമുക്കപ്പോൾ.....

പ്രണയലോലൻ

ഡോക്ടർ,
തൊട്ടാവാടികൾ
പറിച്ചെടുത്ത്
പകരം
പൂക്കുകയോ
പൂക്കാതിരിക്കയോ
ചെയ്യുന്ന
കള്ളിമുള്ളിൻ ഹൃദയം വേണം
അവഗണനയുടെ
തീ കോരിയിട്ടാൽ
വെന്ത് നീറാത്ത കരളും
മിഴികളെ
കടലുകളാക്കുന്ന
ഉപ്പുനീരുറവകൾ
കുടിച്ചു വറ്റിക്കണം
നിഴലിന്റെ രൂപവും
ഓന്തിന്റെ ഉടയാടയുമുള്ള
സൈബർ കാമുകിമാർക്കിടയിൽ
എനിക്കും
ജീവിക്കണം ഡോക്ടർ...

മഴവില്ലറിയാതെ

അത്രയും പ്രിയമോടെ
ആരുമെന്റെ പേരു 
വിളിച്ചിരുന്നില്ല
അത്രയും തീക്ഷണമായ്
ആരുമെന്റെ കണ്ണുകൾ
വായിച്ചിരുന്നില്ല
അത്രയും മധുരമായ്
ആരുമെന്റെ ചുണ്ടുകളിൽ
ചുംബിച്ചിരുന്നില്ല
എന്നിട്ടും
പ്രണയത്തിൽ ഞാൻ
തോറ്റുപോയി..