Wednesday, March 2, 2011

വെറുതെ















നിന്റെ ചുംബനത്തിന്റെ
കുളിരുള്ള നനവ്
മാഞ്ഞുപോകുമെന്ന
ഭയത്താലാണ്‌
ഞാനിന്നും മുഖം
തുടക്കാതിരിക്കുന്നത്....

ഒടുക്കത്തെ
ആലിംഗനത്തിൽ നിന്നും
നമ്മെ രണ്ടായി
മുറിച്ചുമാറ്റും മുമ്പേ
ഇടനെഞ്ച്
പൊട്ടിത്തകരുമ്പോൾ,
പൊലിയുന്ന പ്രാണന്റെ
ചിറകടിയൊച്ചകൾക്കായ്
ഞാൻ വെറുതെ
കാതോർത്തിരുന്നു....

വയ്യ....!!!!

കരയാനറിയില്ലെന്ന്
ഞാൻ പറഞ്ഞത്
വെറുതെയായിരുന്നു...!!!

അണുകുടുംബങ്ങൾ ഉണ്ടാകുന്നതിന്‌ മുമ്പ്




















ഏകാന്തതയുടെ
തുരുത്തിൽ നിന്നാണ്
നിന്റെ വാതിലിൽ മുട്ടിയത്..

നിറകൺചിരിയാൽ
നീ തുറന്ന വാതിലിന്നുള്ളിലെ
പൂമുഖങ്ങളിൽ
പിന്നെയും ചിരിക്കുന്ന
മുഖങ്ങളുടെ വരവേല്പ്പ്...

അങ്ങിനെ ഞങ്ങളുണ്ടായി.

പിന്നീട് നിനക്കൊപ്പം
നിന്റെ പാട്ടിനാണ്‌
ഞങ്ങൾ താളം പിടിച്ചത്

നിന്റെ കഥകളുടെ
പൂമരച്ചോട്ടിലാണ്‌
ഞങ്ങളുറങ്ങിയത്.

ഇടനെഞ്ചിലെ
കത്തുന്ന ചൂടിനാൽ
നീ വിളമ്പിയ നേദ്യങ്ങൾ
ഞങ്ങളുടെ പശിയടക്കി.

ദാഹമകറ്റാൻ
നിന്റെ കണ്ണീരിന്റെ
ഉപ്പുരസവും....

പിന്നീട്,
നിന്റെ വരികളിലെ
വയലറ്റ് നിറങ്ങൾക്കിടയിൽ
ചിക്കിചികഞ്ഞവരാണ്‌
ആ മിഴികളിൽ ആസക്തിയുടെ
അഗ്നിയുണ്ടെന്ന് പറഞ്ഞതും,
ചുംബനങ്ങളുടെ
സീൽക്കാരങ്ങളുതിർത്തതും...

നീയവരെ
കറുത്ത തിരശ്ശീലയിൽ
മൂടി വെച്ചു.

നീ വിളമ്പിയ ബലിച്ചോറിലെ
ചേരുമ്പടികളിലെ
രസക്കുറവ് പറഞ്ഞവരെ
നീ ആട്ടിയിറക്കി....

കണ്ണീരിലെ ഉപ്പുരസത്തിലെ
കലർപ്പ് രുചിക്കാത്തവർക്ക്
മുന്നിലും നീ വാതിൽ
കൊട്ടിയടച്ചു....

സ്തുതിപാഠങ്ങളിൽ
നീ വീഴ്ത്തിയ
ചുകപ്പുമഷിയിൽ നിന്നും
എതിർപ്പിന്റെ മുള്ളുവേലികൾ
നിന്നെ വിലയം ചെയ്തു

അങ്ങിനെ
നിന്നെ നോവിച്ചവരും,
നീ വേദനിപ്പിച്ചവരും
കുടിയിറങ്ങിയപ്പോഴാണ്‌
അണുകുടുംബങ്ങളുണ്ടായത്.....

ഒറ്റ്


















മുഖ പുസ്തകത്തിലെ
അകത്താളുകളില്‍
ചിരിച്ചിരിക്കുന്ന
ഒരു വേട്ടക്കാരനായിരുന്നു
ഞാന്‍...

സമൃദ്ധിയുടെയും
ഒരുമയുടേയും
സ്വപ്നങ്ങള്‍‍ക്ക്
അവസാനമില്ലാതിരുന്ന
ഒരു പാവം വേട്ടക്കാരന്‍...

ഒരു നാള്‍
പാറകള്‍‍ക്ക് മുകളില്‍ പകര്‍ന്ന
വീഞ്ഞിന്റെ ലഹരിയില്‍
ഒരു മാന്‍‍പേടയ്ക്കു നേരെ
വില്ല് കുലയ്ക്കുമ്പോഴാണ്‌
അവന്‍
ഒരു ഒറ്റുകാരന്റെ
രൂപത്തില്‍ വന്നണഞ്ഞത്‌

ഒരു നിഴല്‍‍ പോലെ...
അല്ലെങ്കില്‍‍‍--
കാറ്റിന്റെ മൂളല്‍ പോലെ...

ലഹരി പുകഞ്ഞ
ചിന്തകളിലവന്‍
വിദ്വേഷത്തിന്റെ തീ പടര്‍ത്തി
നാല്‍ക്കവലയിലെ
യാത്രയുടെ ദിശാസൂചിക
മാറ്റിവരച്ചു.

ഒടുവില്‍
കരിയിലകള്‍ പാകിയ
വഴിയിലെ
കള്ളക്കുഴികളില്‍
തള്ളി വീഴ്ത്തി

അനുകമ്പകള്‍ക്കിടമില്ലാത്ത
കാട്ടുനീതിയില്‍
മുറിവിലെ പച്ചമാംസത്തില്‍
പച്ചമണ്ണിന്റെ
എരിവ് ചേര്‍ത്തു...

ഇപ്പോള്‍
ക്ഷമാപണം എന്ന വാക്കിനെ
വ്യഭിചരിച്ച്
വഴിപോക്കരോട്
എന്നെ ചൂണ്ടി
കള്ളക്കണ്ണീരൊഴുക്കുന്നു...

ആ കണ്ണുനീരാലാണ്‌
കാട്ടു ചോലയില്‍
വിഷം കലര്‍ന്നത്....

തനിയെ

















നിലാവൊത്ത
വെൺ മേഘങ്ങളുള്ള
ചിങ്ങപ്പുലരിയുടെ
സ്വപ്നങ്ങൾ
എനിക്ക് കടം തരിക...

ഇരുളൊത്ത
കാർ‍മേഘങ്ങൾ
പെയ്തൊഴിയാത്ത
കർ‍ക്കിടക രാവുകൾക്ക്
പകരമായ്

കോൺക്രീറ്റ് മരങ്ങളിലെ
കിളിക്കൂടുകളിൽ
അടയിരിക്കുന്ന എ. സി.
സമ്മാനിക്കുന്ന
അഗ്നിശലാകകൾക്ക്പകരം,
പച്ചമരത്തണലിന്റെ
കുളിരുള്ള ഓർ‍മ്മകളെങ്കിലും..!!!

ഊഷരതയിൽ നിന്നും
ഞാൻ കണ്ടിരുന്ന
ഉർ‍വ്വരതയുടെ കിനാവുകളിൽ
ചുകപ്പ് മഷി പടർ‍ന്നിരിക്കുന്നു...

സ്വപ്നങ്ങളുടെ തിരശ്ശീലയിൽ
ഇപ്പോൾ കറുപ്പ് നിറം മാത്രമാണ്‌.

കാലം ഒരു പുഴ പോലെ
ഏഴ് വർ‍ണ്ണങ്ങളാണ്‌
ഒഴുക്കി കളഞ്ഞത്...

സ്വപ്നങ്ങൾ പൂത്തുലഞ്ഞ
നിറച്ചാർ‍ത്തുകൾ പെയ്തിറങ്ങിയ
പൊന്നോണപ്പുലരികൾ.....

അവളെപ്പോലെ
കണ്ണാടി നോക്കി ഇനി
ഞാനും കരയട്ടെ....

Sunday, July 18, 2010

നിനക്കായ്

















ഉറക്കം
ഇരുളിന്റെ കോണുകളില്‍
ഒളിച്ചിരിക്കുമ്പോഴാണ്‌
നിന്റെ ഓര്‍മ്മകള്‍
കൂട്ടുകൂടാന്‍ വന്നത്‌

നാല്‍ക്കവലയിലെ
നാട്ടുകൂട്ടങ്ങളിലാദ്യമായ്‌
നിന്നെ കണ്ടതും,
നീ മൌനത്തിന്റെ കുടമുടച്ചതും
കൈവെള്ളയില്‍
കയ്പുനീരിന്റെ
രുചി പകര്‍ന്നതും

പാതയോരത്ത്‌
വരച്ച നിഴല്‍ച്ചിത്രങ്ങളിലെ
പാതി മയക്കത്തിലാണ്ട
യശോധരയുടെ
ഭഗ്നസ്വപ്നങ്ങളിലെ
വര്‍ണ്ണങ്ങള്‍ പെയ്‌തൊഴിഞ്ഞതും

വേനല്‍വഴികളില്‍
പാഥേയമില്ലാതെ
കണ്ണീരുകൊണ്ട്‌ വിശപ്പടക്കിയതും

ഏകാന്തതയുടെ വിഹ്വലതകളില്‍
സ്വയമൊരുക്കിയ
സമാശ്വാസങ്ങളില്‍
സൌഹൃദത്തിന്റെ പട്ടുനൂലുകള്‍
നെയ്‌തെടുത്തതും

പാറകള്‍ക്കു മുകളില്‍
പുല്‍നാമ്പുകള്‍ കിളിര്‍ക്കുമെന്ന
മായക്കാഴ്ച്ചകളില്‍
ഋതുക്കളുടെ എണ്ണത്തെ
കൂട്ടി വായിച്ചതും

ഒടുക്കം
നിറം മങ്ങാത്ത പുഞ്ചിരി
ബാക്കിയാവുന്നതും
ഹൃദയവിശുദ്ധി വര്‍ഷിക്കുന്ന
സൌരഭ്യം എന്റെ മുറികളില്‍
നിറയുന്നതും

എല്ലാമെല്ലാം ഉറക്കത്തില്‍
അലിഞ്ഞലിഞ്ഞില്ലാതാവുന്നതും.......

Wednesday, June 2, 2010

പറയാനിരുന്നത്‌















നീലക്കടലാസിലെ കറുത്ത വരിയില്‍
പൊതിഞ്ഞ സൂത്രവാക്യങ്ങളിലെ
വരികള്‍ക്കിടയില്‍ ഒളിച്ചിരുന്ന്‌
ഞാന്‍ ചോദിക്കാറുണ്ടായിരുന്നു

കൂട്ടുകാരീ...
കണ്ണീരിന്റെ ചില്ലുടഞ്ഞ
കാഴ്ച്ചകള്‍ മാത്രമാണല്ലോ..
എന്തേ, നിന്റെ പേനയില്‍
നിറയ്ക്കുന്നത്‌ കണ്ണുനീരാണോ...?

സീമന്തരേഖയിലെ മാഞ്ഞ കുങ്കുമത്തരികള്‍
നിന്റെ വസന്തത്തിന്റെ ചക്രവാളങ്ങളിലെ
അസ്തമയത്തെ കാട്ടിത്തന്നു...

നിലത്തു വീണ വാടിയ മുല്ലപ്പൂക്കള്‍
മുറിഞ്ഞുപോയ നിന്റെ പേരിന്റെ
വാല്‍ക്കഷണത്തെ ഓര്‍മ്മിപ്പിച്ചു...

പക്ഷേ അത്‌ തുന്നിചേര്‍ക്കാതിരിക്കാന്‍
വേണ്ടി മാത്രമാണ്‌ ആ മുറിവ്‌ ഉണങ്ങാതെ
സൂക്ഷിക്കുന്നതെന്ന്‌ നീ പറഞ്ഞു

കണ്ണീരിനു പകരം ചോരകൊണ്ട്‌
എഴുതുമെന്ന്‌ ഞാന്‍ ഭയപ്പെട്ടു.
നിഴലിന്റെ ഉള്ളിലാണ്‌ നീ ഒളിച്ചിരിക്കുന്നത്‌.

സമയം നിഴലിന്റെ രൂപം മായ്ക്കുമ്പോള്‍
നിന്റെ ആശ്വാസത്തിന്റെ ഉണങ്ങിയ ചില്ലയില്‍
ഇണയെ കാണാനാവാതെ
ഒരു കിളി വിലപിക്കുകയാവാം....

കൂട്ടുകാരീ....,
ഇത്‌ കര്‍മ്മപരമ്പരയുടെ
സ്നേഹരഹിതമായ കഥയാണ്‌...
ഇവിടെ അകല്‍ച്ചയും, ദുഖവും
മാത്രമെ ഉള്ളൂ......

നിനവുകള്‍

കാത്തിരിപ്പാണ് ഞാനിന്നും സഖീ നിന്റെ
ചിത്തത്തിലിന്നുമെന്നോര്‍മ്മയെന്നോതുവാന്‍...

വിരഹതീരങ്ങള്‍ക്കക്കരെയന്നു ഞാന്‍
മരതകപ്പച്ച തേടിയതെന്തിനോ....
മിഴികളില്‍ നിന്നുമാര്‍ത്തലച്ചീടുന്ന
ആഴിതന്‍രോദനമെന്നെ തളര്‍ത്തിയോ...

എഴുതുവാനുണ്ട്, നിന്‍ നൊമ്പരങ്ങളെന്‍
കഴലുകള്‍ മിഴിനീരില്‍ പൊതിഞ്ഞതും...

അകലെയേതോ വിഷുപ്പക്ഷി പാടുമ്പോള്‍
വികലമെന്‍ മനക്കൊന്നകള്‍ പൂത്തതും
വിടരുമോര്‍മ്മതന്‍ പൂത്ത ചില്ലയില്‍
അടയിരിക്കുവാന്‍ പക്ഷികള്‍ വന്നതും

പുഴയില്‍ നീല വര്‍ണ്ണങ്ങള്‍ ചാലിച്ച
പഴമയോതുന്ന വര്‍ത്തമാനങ്ങളും
മഴ നനഞ്ഞൊരാ സന്ധ്യയും നിന്നിലെ
ഹൃദയ തന്ത്രികള്‍ വിങ്ങിക്കരഞ്ഞതും...

പൊള്ളുന്ന സത്യങ്ങളലറുന്ന തത്ത്വ-
മുള്ളില്‍ വിതയ്ക്കുന്ന നോവിലമരുവാന്‍
ലഹരി പുകയുന്ന ചിന്തയില്‍ നിന്നില്‍
ഒരു നാളൊരു വിതുമ്പലായ് വന്നതും...

ശ്വേതാംബരമിരുളിലൊരു ദീപമായ്
ഉദര രോഗികള്‍ക്കമ്മയായ്‌ സ്നേഹമായ്
നീ ചിരിക്കുന്നു മിഴികളില്‍ മുത്തുമായ്
ഞാന്‍ കരയുന്നു നിനവുകള്‍ മായവേ....

നിഴലുകള്‍ കറും ചായങ്ങള്‍ മുക്കുമീ
ആതുരാലയത്തിന്‍ ഇടനാഴിയില്‍
അല്‍പ്പമാത്ര നിന്‍കണ്ണില് തെളിയാതെയീ-
കല്‍പ്പടവുകള്‍ ഞാനിന്നുമിറങ്ങട്ടെ....