Friday, September 18, 2015

കാമമോഹിതം

പ്രണയമില്ലാത്ത
കമിതാക്കൾ
ഭാഗ്യവാന്മാരാണ്
സൂര്യകാന്തിപൂവായ്
വിടർന്ന് ചിരിച്ച്
വെയിലിന്റെ
കുപ്പായമൂരി വെച്ച്
കാത്തിരിക്കുന്ന
കാമുകി
കരിവണ്ടായ്
ആസക്തിയുടെ
തീ പിടിച്ച ചിറകുമായി
അവൾക്കരികിലേക്ക്
പറന്നിറങ്ങുന്ന
കാമുകൻ
സ്വപ്ന വ്യാപാരിയുടെ
വിറ്റു കണക്കിലും
മാസ വ്യാപരിയുടെ
പറ്റു കണക്കിലും
മിച്ചം വരുന്നത്
കടപ്പാടുകളില്ലാത്ത അവരുടെ
വർത്തമാനങ്ങൾ മാത്രം...

കവിതയുടെ കണ്ടെത്തൽ

ആരാണു ഞാൻ
എന്ന ഉത്തരം തേടി
ഒരു ചോദ്യം പുറപ്പെട്ടിട്ടുണ്ട്
കരയിലെ മീനിനെ പോലെ
നിന്നിലത് ശ്വാസം കിട്ടാതെ
പിടയ്ക്കും
തീൻ മേശയിൽ
വെന്തു കിടക്കുമ്പോഴും
അടയാത്ത കണ്ണിലൊരു നോട്ടം
അത് കെടാതെ സൂക്ഷിക്കും
നീയപ്പോൾ പതുക്കെ
പള്ളിക്കൂടത്തിലെ കുട്ടിയിലേക്ക്
വഴുതിയിറങ്ങും....
ഓരോ വളവിലും,
തിരിവിലും
സംശയമൊടുങ്ങാതെ
തിരിഞ്ഞു നോക്കും
കൂട്ടിയും കുറച്ചും
കണക്കുകളെല്ലാം തെറ്റുമ്പോൾ
ഡാ...
ആരാണു നീ
എന്ന മറു ചോദ്യത്തിലൂടെ
നീയെന്നെ കടന്നാക്രമിക്കും
പൊട്ടിപോയ കണ്ണാടി
തിരയാൻ എനിക്കിടം നൽകാതെ
നീ വീണ്ടും കുറുകും
പറയെടാ, ആരാ നീ...
ഒറ്റയ്ക്കായൊരു
പന്ത് കളിക്കാരനെ പോലെ
ഞാനപ്പോൾ
പേരു പതിക്കാത്തൊരു
ജേഴ്സിയണിഞ്ഞ്
തലങ്ങും വിലങ്ങും
കിതച്ചോടും
ആളില്ലാ പോസ്റ്റുകളിൽ
ഗോളടിക്കുമ്പോൾ
ഗ്യാലറിയിൽ നിന്നൊരു
റെഡ് കാർഡുമായി
മൈതാനത്തേക്ക്
നീ അടർന്ന് വീഴും
കൈകൾ ഉയർത്തി
എന്നിലേക്ക് ഓടി വരുമ്പോൾ
നിന്റെ മാറിടങ്ങൾ
നില മറന്ന് തുള്ളിച്ചാടും
അപ്പോൾ
നിന്റെ കണ്ണുകളിൽ
ഞാനെന്നെ കണ്ടെത്തും
എന്റെ കണ്ണുകളിൽ
നീയെന്നെയും
വായിച്ചെടുക്കും
ഒറ്റ നിഴലായിരിക്കും
നമുക്കപ്പോൾ.....

പ്രണയലോലൻ

ഡോക്ടർ,
തൊട്ടാവാടികൾ
പറിച്ചെടുത്ത്
പകരം
പൂക്കുകയോ
പൂക്കാതിരിക്കയോ
ചെയ്യുന്ന
കള്ളിമുള്ളിൻ ഹൃദയം വേണം
അവഗണനയുടെ
തീ കോരിയിട്ടാൽ
വെന്ത് നീറാത്ത കരളും
മിഴികളെ
കടലുകളാക്കുന്ന
ഉപ്പുനീരുറവകൾ
കുടിച്ചു വറ്റിക്കണം
നിഴലിന്റെ രൂപവും
ഓന്തിന്റെ ഉടയാടയുമുള്ള
സൈബർ കാമുകിമാർക്കിടയിൽ
എനിക്കും
ജീവിക്കണം ഡോക്ടർ...

മഴവില്ലറിയാതെ

അത്രയും പ്രിയമോടെ
ആരുമെന്റെ പേരു 
വിളിച്ചിരുന്നില്ല
അത്രയും തീക്ഷണമായ്
ആരുമെന്റെ കണ്ണുകൾ
വായിച്ചിരുന്നില്ല
അത്രയും മധുരമായ്
ആരുമെന്റെ ചുണ്ടുകളിൽ
ചുംബിച്ചിരുന്നില്ല
എന്നിട്ടും
പ്രണയത്തിൽ ഞാൻ
തോറ്റുപോയി..
ബ്ലാക്ക് ബോർഡിലെ മാഞ്ഞുപോയ
വെളുത്ത വരകൾ പോലെ
എത്ര പെട്ടെന്നാണു നമ്മൾ
ഒന്നുമല്ലാതായി തീരുന്നത്...!!!!
പൊതിഞ്ഞ് വയ്ക്കണം
ആരുമാരും കാണാതെ
വെളിച്ചത്തിന്റെ
സൂചിക്കുത്തേൽക്കാതെ
കാറ്റിനു പോലും
മുഖം കൊടുക്കാതെ
ഞാനെന്ന അ/സത്യത്തെ...
പൂരപ്പറമ്പിൽ 
തിക്കിത്തിരക്കുന്നു
കുടമാറ്റം കാണുവാൻ 
സെൽഫോണുകൾ...