Friday, September 18, 2015

അവനാണു പെണ്ണേ....

ആരുമറിഞ്ഞിരുന്നില്ല
കൃഷ്ണൻ കുട്ടി
പാറുക്കുട്ടിയെ
ഉമ്മ വെച്ച കാര്യം
പത്താംതരം എ യിലെ
മുൻബെഞ്ചിലിരിക്കുന്ന
പാറുക്കുട്ടി
പിൻ ബെഞ്ചിലിരിക്കുന്ന
കൃഷ്ണൻ കുട്ടിയുടെ
ഉമ്മകളേറ്റുവാങ്ങിയതും
ആരുമറിഞ്ഞില്ല
സീരിയലുകൾ
നാമം ചൊല്ലുന്ന ത്രിസന്ധ്യയിൽ
ഇളം മേനികളിൽ
തീ പടർന്നതും ആരും കണ്ടില്ല
കണക്ക് ക്ലാസ്സിൽ
ആറു വിരലുള്ള
ഗോപിമാഷ് വരച്ച വൃത്തത്തിന്റെ
വ്യാസം കാണാനാവാതെ ഒരു ദിനം
പാറുക്കുട്ടി തലകറങ്ങി വീണു
കറങ്ങാൻ മടിച്ചു നിൽക്കുന്ന
സർക്കാരാശുപത്രിയിലെ
ഫാനിന്റെ കീഴെയിരുന്ന് ലൂസി സിസ്റ്റർ
നാണി ടീച്ചറുടെ ചെവിയിലേക്ക്
ഉഷ്ണക്കാറ്റൂതി
അസ്തമയത്തിനു മുന്നെ
കൂടണയാതിരുന്ന
ഇണപ്രാവിന്റെ കുറുകൽ ഓർത്തെടുത്ത്
കൃഷ്ണൻ കുട്ടിയൊത്ത്
ആകാശത്ത് പറന്നുനടന്നത്
പാറുക്കുട്ടി ചൊല്ലിക്കേൾപ്പിച്ചു
സ്റ്റാഫ് റൂമിൽ
കുന്തിയാകാനറിയാത്ത
പെണ്ണിന്റെ കഥ
ഉപമയും ഉല്പ്രേക്ഷയും ചാലിച്ച്
മലയാളം മാഷ് കവിത ചൊല്ലി
പിടിഎ യോഗത്തിൽ
മുള്ള് ഇലയിൽ വീണതിന്റേയും
ഇല മുള്ളിൽ വീണതിന്റേയും
ചവച്ചരച്ച കഥ പറഞ്ഞ്
ഹെഡ് മാസ്റ്റർക്കൊപ്പം
രക്ഷാകർത്താക്കൾ ഇളകിച്ചിരിച്ചു
അകത്തേക്കുള്ള വാതിലിലൂടെ
തലയുയർത്തി കൃഷ്ണൻ കുട്ടി നടന്നു,
പുറത്തേക്കുള്ള വാതിലിലൂടെ
തലകുനിച്ച് പാറുക്കുട്ടിയും.....
പിറ്റേന്ന്
ഒടിഞ്ഞ ചോക്കുകൾ
ഒഴിഞ്ഞ പാറുക്കുട്ടിയുടെ
ഡസ്ക്കിൽ വെച്ച്
ബയോളജി ടീച്ചർ പിറുപിറുത്തു
"വൃത്തികെട്ടവൾ..."
പിന്നിലിരുന്ന് തെറ്റെഴുതിക്കൂട്ടിയ
കൃഷ്ണൻ കുട്ടിയുടെ
നോട്ടെഴുത്തുകൾ നോക്കി
സാമൂഹ്യം ടീച്ചർ പിറുപിറുത്തു
"അമ്പട കേമാ...."
വേടന്റെ പാപങ്ങൾ
പോലെയാണു
തിരസ്കൃതന്റെ
വേദനകളും
അതാരും
പങ്കിട്ടെടുക്കാറില്ല
ആട്ടം നിലച്ചാൽ
വലിച്ചെറിയുന്ന
കളിപ്പാവകളെ
വാത്മീകം
പൊതിയും പോലെ...
പാവകൾക്കും
ഹൃദയമുണ്ടെന്ന്
ഒരു കവിതയിലും
പറഞ്ഞിട്ടുമില്ല...
സൂര്യൻ
ഉരുണ്ടുരുണ്ട് പോയി
നിഴൽ
ഇരുണ്ടിരുണ്ട് പോയി
സാധ്യമാകുന്നത്
"""""""""""""""""""""""""""""
ഓർക്കുക വല്ലപ്പോഴുമെന്നെ
എന്നവളോട് പറഞ്ഞത്
സാധ്യമാകാത്തത്
"""""""""""""""""""""""""""""""
മറക്കുക വല്ലപ്പോഴുമവളെ
എന്നെന്നോട് പറഞ്ഞത്
ചില മൗനങ്ങൾ ചിലതൊക്കെ
പറയാതെ പറയുന്നുണ്ട്
ഞാനത് കേൾക്കുന്നുണ്ട്
പക്ഷേ,
കേട്ടതായി നടിക്കുന്നേയില്ല
ശീലപ്പെടൽ എന്നതാണു
ഇപ്പോഴെന്റെ ശീലം...
എന്നും കൂട്ടിനുണ്ടായതാണു
ഇന്നലെ മുതലാണു കാണാതായത്
ഒളിച്ചോട്ടമായിരുന്നു
എങ്ങോട്ടാണു പോയതെന്ന് അറിയില്ല
ഇതു വരെയും തിരിച്ചെത്തിയിട്ടില്ല
എന്റെ മനസ്സമാധാനം...

തൊണ്ടയിൽ
പാതിവെന്ത വാക്കുകൾ
കുരുങ്ങിക്കിടക്കുന്നു
പരിചയമില്ലാത്ത
ഏതോ ഭാഷയായ് മൗനം
കുടിച്ചിറക്കുന്നു...