Friday, September 18, 2015

വേടന്റെ പാപങ്ങൾ
പോലെയാണു
തിരസ്കൃതന്റെ
വേദനകളും
അതാരും
പങ്കിട്ടെടുക്കാറില്ല
ആട്ടം നിലച്ചാൽ
വലിച്ചെറിയുന്ന
കളിപ്പാവകളെ
വാത്മീകം
പൊതിയും പോലെ...
പാവകൾക്കും
ഹൃദയമുണ്ടെന്ന്
ഒരു കവിതയിലും
പറഞ്ഞിട്ടുമില്ല...
സൂര്യൻ
ഉരുണ്ടുരുണ്ട് പോയി
നിഴൽ
ഇരുണ്ടിരുണ്ട് പോയി
സാധ്യമാകുന്നത്
"""""""""""""""""""""""""""""
ഓർക്കുക വല്ലപ്പോഴുമെന്നെ
എന്നവളോട് പറഞ്ഞത്
സാധ്യമാകാത്തത്
"""""""""""""""""""""""""""""""
മറക്കുക വല്ലപ്പോഴുമവളെ
എന്നെന്നോട് പറഞ്ഞത്
ചില മൗനങ്ങൾ ചിലതൊക്കെ
പറയാതെ പറയുന്നുണ്ട്
ഞാനത് കേൾക്കുന്നുണ്ട്
പക്ഷേ,
കേട്ടതായി നടിക്കുന്നേയില്ല
ശീലപ്പെടൽ എന്നതാണു
ഇപ്പോഴെന്റെ ശീലം...
എന്നും കൂട്ടിനുണ്ടായതാണു
ഇന്നലെ മുതലാണു കാണാതായത്
ഒളിച്ചോട്ടമായിരുന്നു
എങ്ങോട്ടാണു പോയതെന്ന് അറിയില്ല
ഇതു വരെയും തിരിച്ചെത്തിയിട്ടില്ല
എന്റെ മനസ്സമാധാനം...

തൊണ്ടയിൽ
പാതിവെന്ത വാക്കുകൾ
കുരുങ്ങിക്കിടക്കുന്നു
പരിചയമില്ലാത്ത
ഏതോ ഭാഷയായ് മൗനം
കുടിച്ചിറക്കുന്നു...

പകലോൻ

കിളികളായിരുന്നു ആദ്യം കണ്ടത്.
കിഴക്ക് കുന്നിൻ മുകളിൽ
ചോരയിൽ കുളിച്ച്
കിടക്കുകയായിരുന്നു.
പാഞ്ഞെത്തിയ കാറ്റ്
മേഘത്തിന്റെ തൂവലുകളാൽ
ഒപ്പിയെടുത്ത്
ആകാശത്ത് ഉണങ്ങാനിട്ടു.
എന്നിട്ടെന്താ,
ഒരു പകലിന്റെ ആയുസ്സേ
ഉണ്ടായിരുന്നുള്ളൂ
ചോര തുപ്പി
പടിഞ്ഞാറൻ കടലിൽ
മുങ്ങിച്ചാകാനായിരുന്നു
യോഗം....